2016 ഓഗസ്റ്റ് 24, ബുധനാഴ്‌ച












വാലും മൂടും - 2

*************


പെരുമുടിയൂരിൽ അച്ഛന്റെ   തറവാട്ടിൽ താമസിച്ച് തറവാടിനോട് ചേർന്നുള്ള എൽ. പി സ്ക്കൂളിൽ നിന്ന്  ഒന്നാം ക്ളാസ് പഠനം പൂർത്തീകരിച്ച് രണ്ടാം ക്ളാസിലായപ്പോഴാണ് ഞാൻ ആറങ്ങോട്ടുകര സ്ക്കൂളിൽ ചേരുന്നത് - വാലും മൂടും എന്ന എന്റെയീ ബാല്യകാല സ്മരണകളുടെ കാലഘട്ടം, ചങ്കരത്തെ അഞ്ച് വീടുകളിലൂടെയുളള ദിനങ്ങളും  ഓർമ്മകളും ആരംഭിക്കുന്നത്.





മേലേലെ ഞാൻ, അനിയത്തി ഭാഗി, ലക്ഷ്മി അമ്മ എന്ന എന്റെ അമ്മമ്മ, മീനു എന്നും, മിനിചേച്ചി എന്ന് അറിയപ്പെട്ടിരുന്ന എന്റെ അമ്മ, ഗോപേട്ടൻ എന്ന് വിളിക്കപെട്ടിരുന്ന അച്ഛൻ - എന്തിനു മുൻമ്പിലും തലയുയർത്തി നിൽക്കുന്ന, ക്യത്യനിഷ്ഠയും, കുറച്ചേറെ ദുരഭിമാനവും, ദേഷ്യവും, കാർക്കശ്ശ്യവും ഒക്കെയുള്ള സർക്കാർ ഉദ്യോഗസ്ഥൻ. ആറങ്ങോട്ടുകരയിലെ ചുരുക്കം ചില സർക്കാർ ജീവനക്കാരിൽ ഒരാൾ - പട്ടാമ്പി സർക്കാർ കോളേജിൽ ജോലി. അച്ഛൻ രാവിലെ ജോലിക്കു പോകാൻ തയ്യാറായി വീട്ടിൽ നിന്നുമിറങ്ങിയാൽ എട്ട് മണിയായി എന്നത് ചുറ്റുമുള്ളവർ വാച്ചു നോക്കാതെ പറയും. എന്തായാലും അച്ഛൻ വീട്ടിലിലാത്ത സമയങ്ങളിലാണ് ഞങ്ങളുടെ താന്തോനിത്തം മുഴുവൻ. അമ്മയുടെ രണ്ട് ജേഷ്ഠൻമാരും സകുടുംബം വിശാഖപട്ടണത്താണ്. ചേച്ചി അല്പം മാറി  ഇട്ടിയാബ്രം എന്നറിയപെടുന്ന മറ്റൊരു വീട്ടിലാണ് താമസം. അനിയൻ ചെറുപ്പത്തിലേ നാടുവിട്ട് വർഷങ്ങൾക്ക് ശേഷം ഞാൻ വളരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് തിരിച്ചു വന്നത്, ഇപ്പോൾ ഗുണ്ടൂരിൽ ആണ്. പിന്നെ തറവാട്ടു കാരണവരായ അമ്മമ്മയുടെ ജേഷ്ഠൻ, അമ്മയുടെ അമ്മാവൻ - എന്റെ മുത്തമാമ -കാടാറുമാസം നാടാറുമാസം എന്നു പറഞ്ഞ മാതിരി കുറച്ചു കാലം വിശാഖപട്ടണത്ത് പിന്നെ തറവാട്ടിൽ വീണ്ടും തിരിച്ച് - തന്റെ കിടക്കയും, മററു സ്ഥാപക ജംഗമ വസ്തുക്കളുമായി അങ്ങോട്ടും ഇങ്ങോട്ടും.


ഞങ്ങളുടെ വീടിനു താഴെയായി വടക്കുവശത്ത് താഴത്തേലെ - എന്റെ അമ്മമ്മയുടെ അനുജത്തി ലക്ഷ്മി അമ്മ (ശരിയ്ക്കും പറഞ്ഞാൽ ഈ രണ്ട് ലക്ഷ്മി അമ്മമാരുടേയും അമ്മമ്മ മാരുടെ അമ്മ ഒന്നായിരുന്നത്രേ) അവരുടെ രണ്ടാമത്തെ മകനായ ഗോപാല മാമയുടെ കുടുംബമാണ് ഇപ്പോൾ താഴത്തേല് താമസം. പ്രേമ അമ്മായിയും, മക്കളായ രജനിയും, രാധയും, ഗോപാലമാമ ഗൾഫിലാണ്. ഇദ്ദേഹത്തിന്റെ ജേഷ്ഠനായ ഉണ്ണി മാമ കുടുംബസമ്മേതം ബോംബെയിലാണ്. അനുജൻ ഉണ്ണികുട്ട മാമയും ഗൾഫിൽ തന്നെ. പിന്നെ യുള്ളത് ഇവരുടെ ഒക്കെ സഹോദരിയായ തങ്കമണി വലിയമ്മ, ഇവർ കുടുംബ സമ്മേതം തിരുവനന്തപുരത്താണ്. വലിയച്ചൻ (മാധവ മാമ്മ)തുമ്പയിൽ റോക്കറ്റ് ഉണ്ടാക്കുന്ന കമ്പനിയിലാണത്രേ ജോലി. (ഇത് ISRO ആണ് എന്നറിഞ്ഞതൊക്കെ പിന്നീടാണ് ).


താഴത്തേലെ കിഴക്കു വശത്തായി വീട്ടിലെ എന്നറിയപ്പെടുന്ന മറ്റൊരു തറവാട് വീട്. അമ്മിണി അമ്മമ്മയും ഇവരുടെ മകൾ ഓമന ചെറിയമ്മയും കുടുംബവുമാണ് ഇവിടെ. ചെറിയമ്മടെ ഭർത്താവ് ചന്ദ്രേട്ടൻ സത്യൻ തിയ്യറ്ററിന്റെ ഉടമ. ഇവരുടെ മക്കളാണ് മഞ്ജുവേച്ചിയും, ഉച്ചേച്ചിയും, മോനും, മോളും - ഞങ്ങളുടെ കൂട്ടത്തിലെ ഏക ഇരട്ട കുട്ടികളാണ് ദിലീപ്, ദീപ്തി എന്ന മോനും മോളുവും.


അമ്മിണി അമ്മമ്മയുടെ അനുജത്തി കൊച്ചു അമ്മമ്മയുടെ താണ് തൊട്ടു മുകളിലുള്ള കിഴക്കേലെ എന്ന വീട്. കൊച്ചു അമ്മമ്മയുടെ മകൾ തങ്കമണി വല്യമ്മ, ഭർത്താവ് അച്ചു ഏട്ടൻ (സത്യൻ തിയറ്ററിനോട് ചേർന്ന് പലചരക്ക് കട നടത്തുന്നു) ഇവരുടെ മക്കളായ ദാസേട്ടൻ, കൊച്ചേട്ടൻ എന്നിവരും, വല്യമ്മയുടെ അനുജത്തിയും ഞങ്ങൾ കുട്ടി പട്ടാളത്തിന്റെ നേതാവുമായിരുന്ന ശൈലേച്ചിയും ആണ് ഇവിടുത്തെ അന്തേവാസികൾ. കൊച്ചു അമ്മമ്മയുടെ മകൻ സുന്ദരമാമ ഗൾഫിലാണ്.




എന്റെ വീടിന്റെയും, കിഴക്കേതിൽ വീടിന്റെ ഇടയിലായാണ് തെക്കേലെ വീട്. അമ്മു അമ്മമ്മയുടെ വീട്. അമ്മിണി അമ്മമ്മയുടേയും, കൊച്ചു അമ്മമ്മയുടേയും ഒക്കെ ചെറിയമ്മയായ  അമ്മു അമ്മമ്മ അന്നേ നടക്കാനൊന്നും വയ്യാതെ വാർദ്ധക്യ അവസ്ഥയിലായിരുന്നു. ഇവരുടെ മകളായ ശാന്തമേമയും അവരുടെ മക്കളായ പ്രമോട്ടൻ, പാപ്പേച്ചീ, ബിന്ദുവേച്ചീ എന്നിവരാണ്  ഈ വീട്ടിൽ താമസിക്കുന്നത്. അമ്മു അമ്മമ്മയുടെ മുത്ത മകൻ കേശവമാമ കുറച്ച് മാറി കോടി എന്നറിയപ്പെട്ടിരുന്ന മറ്റൊരു വീട്ടിലാണ് കുടുംബമായി താമസിച്ചിരുന്നത്. മറ്റൊരു മകനായ നാരായണ മാമ പാഞ്ഞാള് ഭാഗത്താണ്. ഇളയ മകൻ മണി മാമ നാട്ടിൽ തന്നെ ക്യഷിയും കാര്യങ്ങളുമായി മറ്റൊരു വീട്ടിലാണ് താമസം. വേറൊരു മകൻ എന്റെ ജനനത്തിനൊക്കെ മുന്നേ മരണപെട്ടിരുന്നു. അമ്മു അമ്മമ്മയയുടെ മുത്തമകൾ തങ്കവല്യമ്മ വരോട്ടൂരാണ്, രണ്ടാമത്തെ മകൾ വേശമേമ പട്ടാമ്പിയിലും. ഇളയ മകളാണ് ശാന്ത മേമ ഇവരുടെ ഭർത്താവ് നാരയണേട്ടൻ വിശാഖപട്ടണത്താണ്.


കറന്റ് കണക്ഷൻ കിട്ടിയിട്ടില്ലാത്ത ഞങ്ങളുടെ വീടുകൾ സൂര്യാസ്തമയത്തിനു ശേഷം നിലവിളക്കിന്റെയും, മണ്ണെണ്ണ ഒഴിച്ചു കത്തിച്ചിരുന്ന കമ്പ്രാന്തൽ വിളക്കിന്റയും, ചിമ്മിനി വിളിക്കിന്റെയും പ്രകാശത്താൻ വെളിച്ചമേകീ. പട്ടകൊണ്ടുണ്ടാക്കിയ വീശിറികൾ ചൂടിനു ശമനമേകീ, ആഴമുള്ള കിണറുകളിൽ നിന്ന് കപ്പിയും, കയറും ഉപയോഗിച്ച് വെള്ളം കോരിയെടുത്ത്  ഉപയോഗിച്ചു വന്നു. ആട്ടുകല്ലിൽ അരച്ചെടുത്ത അരിമാവുകൊണ്ട് അമ്മ ദോശയും, ഇഡ്ഡലിയും ഉണ്ടാക്കി തന്നു. പുട്ടിന് അരി പൊടിക്കാനും, മല്ലിയും, മുളകും, മഞ്ഞളും ഒക്കെ പൊടിക്കാനും ഉരലും ഉലക്കയും ഉപയോഗിച്ചു വന്നു. അമ്മിക്കലിൽ അരച്ചെടുത്ത ഉള്ളി ചമ്മന്തിയും, തേങ്ങാ ചട്നിയും ഒക്കെ നാവിന് രുചി കൂട്ടായി. വെണ്ടയും, വഴുതനയും, പയറും, മത്തനും, കുമ്പളവും, വെള്ളരിക്കയും, കപ്പയും, കയ്പക്കയും, മുളകും, തക്കാളിയും, ചീരയും, മുരിങ്ങയും വീടിന്റെ തൊടികളിൽ കൃഷി ചെയ്തു. തേങ്ങയും, മാങ്ങയും, പുളിങ്ങയും, ചക്കയും, വാഴപ്പഴവും, ഓമക്കായും ഒക്കെ ഓരോ വീടുകളിലും യഥേഷ്ടത്തിനുണ്ടായി. സ്വന്തമായുണ്ടായിരുന്ന പാടങ്ങളിൽ നെൽ കൃഷി ചെയ്ത് ഓരോ വീട്ടിലേക്കാവശ്യമായ അരിയും ഉദ്പാദിപ്പിക്കപെട്ടു. അങ്ങിനെ മണ്ണും, മനസ്സും അറിഞ്ഞ് സ്നേഹനിധികളായ വീട്ടുകാരുടെ ഇടയിലൂടെ, അവർക്കൊപ്പം പലതും അറിഞ്ഞും, അറിയാതേയും ഒരുപാട് സൂര്യാസ്തമയങ്ങൾ.....


ചെറിയ നാല് മുറി LP സ്കൂളിൽ നിന്ന് കുറെയേറെ ക്ളാസ്സുകളും, ടീച്ചർമാരും, മാഷ്മാരും, കളിസ്ഥലവും ഒക്കെ യുളള എഴുമങ്ങാട് എ. യു. പ്പി സ്കൂളിലേക്ക്. അങ്ങിനെ പുതിയ സ്ക്കൂളും, പുതിയ ലോകവും, പുതിയ പുസ്തകങ്ങളുമായി ചങ്കരത്ത് വാനരപടയോടൊപ്പം തുടർ കാലങ്ങൾ.......


ശൈലേച്ചി പഠനം കഴിഞ്ഞിരിക്കുന്നു, മഞ്ജുവേച്ചി കോളേജ് കുമാരിയാണ്, ദാസേട്ടനും, പ്രമോട്ടനും ഹൈസ്കൂൾ കാലഘട്ടത്തിലാണ്, മോഹനേട്ടൻ, ആശേച്ചി, അനിയേട്ടൻ എന്നിവർ തിരുവനന്തപുരത്താണ്, ഭാഗി, മോനു, മോളു എന്നിവർ സ്ക്കൂളിൽ ചേർന്നിട്ടില്ല. അങ്ങിനെ പാപ്പേച്ചീ, കൊച്ചേട്ടൻ, ബിന്ദുവേച്ചീ, ഉച്ചേച്ചീ, രജനി, രാധ എന്നിവരോടൊപ്പം ഞാനും. ഞങ്ങളുടെ ചങ്കരത്ത് വിട്ടിൽ നിന്ന് സുമാർ രണ്ട് - രണ്ടര കിലോമീറ്റർ കാണും സ്ക്കൂളിലേക്ക്. റോഡുവഴിയും, പാടം വഴിയും നടന്നാണ് അങ്ങോട്ടു മിങ്ങോട്ടുമുള്ള യാത്ര. എന്റെ അമ്മയുടെ പ്രത്രേക ആവശ്യപ്രകാരം പാപ്പേച്ചിക്കാണ് എന്റെ ചുമതല. അങ്ങനെ പാപ്പേച്ചി പാപ്പാനായി എന്റെ സ്ക്കൂൾ യാത്രകളുടെ ആരംഭം. ആദ്യ ദിനങ്ങളിൽ തന്നെ കഷ്ടപെടുത്താവുന്നതിന്റെ അങ്ങേയറ്റം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്റെ പാപ്പാന്. തെക്കോട്ട്ന്ന്  പറഞ്ഞാൽ വടക്കോട്ട് ഓടുന്ന കുറുംബത്തരമുള്ള എന്നെ തള്ളാനും, കൊള്ളാനും വയ്യാത്ത പാപ്പേച്ചിയുടെ വിഷമസ്ഥിതി, എന്റെ ഉത്തരവാദിത്വം പുള്ളിക്കാരത്തിക്ക് ഒരു കീറാമുട്ടിയാവുകയായിരുന്നു. എന്തായാലും എന്റെ അമ്മയുടെയും, ശാന്തമേമയുടേയും  അവസരോചിതമായ ഇടപെടലുകൾ എന്റെ മേൽനോട്ട ചുമതല പാപ്പേച്ചിയിൽ  തന്നെ നിക്ഷിപ്തമാവുകയും ആകൊല്ലം മുഴുവനുമായി വഹിപ്പിക്കപെടുകയും ചെയ്തു. അങ്ങിനെ സ്ക്കൂളിലേക്കുള്ള പോക്കുവരവുകളും, സ്ക്കൂൾ വിട്ടുവന്ന ശേഷമുള്ള കളികളും, അവധി ദിനങ്ങളിലെ തകർക്കലുകളുമായി ആർത്തുലസിച്ച് ദിവസങ്ങൾ ഓടികൊണ്ടിരുന്നു.


ബാറ്ററി യിൽ വർക്ക് ചെയ്യുന്ന റേഡിയോ ഈ ദിനങ്ങളുടെ ഒരു പ്രധാന ഭാഗമായിരുന്നു. ആകാശവാണി നിലയങ്ങൾ വാർത്തകളും, സിനിമാ പാട്ടുകളും, സംഗീതവും, നാടകങ്ങളും ഞങ്ങളിലേക്ക് എത്തിച്ചുതന്നു. വന്ദേമാതരം കേട്ടുണർന്ന് സുപ്രഭാതവും, പ്രഭാതവദ്ധനവും ദിവസത്തിന് ഊർജ്ജമേകീ. കളികളിലും, പണികളിലും ചലച്ചിത്രഗാനങ്ങൾ പശ്ചാത്തലമായി. യേശുദാസും, ജാനകിയും, ജയചന്ദനും, ചിത്രയും, ബാബുരാജും, ദക്ഷിണാമൂർത്തിയും, ദേവരാജനും, ഭാസ്കരനും, വയലാറും, ഒഎൻവിയും ഒക്കെ എല്ലാ ദിവസവും കേൾക്കുന്ന പേരുകളായി, പരിചിതമായി. പല ഗാനങ്ങളും കാതുകളിലൂടെ ഹൃദയത്തിലേക്ക് കുടിയേറി. റേഡിയോ വാർത്തകൾ ശീലമാക്കപെട്ടു. നാടകങ്ങൾ കേട്ട് ഉറക്കത്തിലേക്ക് പ്രവേശിച്ചു. സമയവും, ദിനചര്യകളും റേഡിയോ പരിപാടികളാൽ ക്രമീകരിക്കപെട്ടു.


മണ്ണും, മരങ്ങളും, തൊടികളും, തോട്ടങ്ങളും ഞങ്ങളുടെ താവളങ്ങളായി, കളിപ്പാട്ടങ്ങളായി. വലിയ മുറ്റങ്ങൾ കളികൂട്ടങ്ങളും അതിന്റെ ആർപ്പുവിളികളിലാലും മുഖരിതമായി. ഒളിച്ചുകളി, റങ്ക്, ജൂട്ട്, ചൊട്ടകളി തുടങ്ങിയ വലിയ ഗ്രൂപ്പ് കളികൾ മണ്ണിലും, ചെളിയിലും ആറാടിയുള്ളതായിരുന്നു. ഇടയ്ക്കൊക്കെ ശാന്തമായ ചെറിയ കളികൾ - മണ്ണും, ചിരട്ടയും, പുളിങ്കുരുവും ഒക്കെ വച്ച് ചോറും കറിയും ഉണ്ടാക്കിയും, മണ്ണപ്പം ചുട്ടും ഉണ്ടായീ. കയ്യൂക്കിന്റെ ചില വിജയങ്ങൾ വഴക്കുകളും, പിണക്കങ്ങളു മായി മറ്റു ചില കളികളിലേക്ക് വഴിമാറി. അങ്ങിനെ ചില പെൺകളികൾ ഉണ്ടായി ഞങ്ങൾ ആൺകുട്ടികൾ കാഴ്ചക്കാരായിമാറി 
'നാരങ്ങ പാല് ചൂട്ടക്ക് രണ്ട് ഇലകൾ പച്ച പൂക്കൾ മഞ്ഞ', 
'പൂ പറിക്കാൻ പോരുമോ?
പോരുമോ അതിരാവിലെ ?
ആരെ നിങ്ങൾക്കാവശ്യം ?' 
തുടങ്ങി ഈണത്തിൽ പാടി അവർ കളിച്ചു കൊണ്ടിരുന്നു. അല്പാ യുസ്സായിരുന്ന പിണക്കങ്ങൾ പുതിയ കളികൾക്ക് തുടക്കമായി. താഴത്തേലെ വീണുകിടക്കുന്ന പ്ലാവ് - ചെരിഞ്ഞ മരം - ഞങ്ങളുടെ പ്രധാന താവളമായിരുന്നു. ആനയായും, കുതിരയായും, ബസ്സായും, തീവണ്ടിയായും ഒക്കെ ഈ മരം  മാറ്റപ്പെട്ടു. കൂടാതെ താഴത്തേലെ തന്നെ പേരമരം, തെക്കേലെ രണ്ട് കുറ്റി മരങ്ങൾ ഇവയൊക്കെ ഞങ്ങൾ ആവശ്യാനുസരണം ഉപയോഗിച്ചു വന്നു. 
'ധിം തനക്കന കൊടുമല ഗണപതി
ധിം തനക്കന കോട്ടക്കൽ ഗണപതി
ധിം തനക്ക ധിം തനക്കത്ത'  
പാടിയും ഏറ്റു പാടിയും കളികളിൽ ഉത്സവം കൊണ്ടാടി. രാധയെ ചൊടിപ്പിക്കാൻ ചിലപ്പോഴൊക്കെ കൊടുമല കൊടുബാക്കി മാറ്റി - കാരണം രാധടെ അമ്മ പ്രേമ അമ്മായിടെ നാടാണ് കൊടുബ് -  പിണക്കത്തിന്റെ ഇടവേളകളിലേക്ക്.


'ധിം തനക്കന കൊടുബിലെ ഗണപതി
ധിം തനക്കന കോട്ടക്കൽ ഗണപതി
ധിം തനക്ക ധിം തനക്കത്ത' 
കാലം തെറ്റി വരുന്ന കളിമുടക്കി മഴകളെ ഞങ്ങൾ പാട്ടു പാടി അകറ്റി

'മഴേ മഴേ പെയ്യണ്ട ആനയ്ക്ക് കുളിക്കാൻ വെള്ളണ്ട്'.......

കുടുംബത്തിൽ ഒരു വിവാഹം


ഈ സമയത്തിനകം തന്നെ പല വിവാഹങ്ങൾ കുടുംബത്തിലും, ബന്ധുവീടുകളിലും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഓർമ്മയിലെ ആദ്യ വിവാഹ ആഘോഷം ഞങ്ങളുടെ നേതാവിന്റെ തന്നെയായിരുന്നു - ശൈലേച്ചിയുടെ. ഒരാഴ്ച മുൻപേ തുടങ്ങീ പന്തൽ പണിയും, അടുപ്പുണ്ടാക്കലും, സാധനങ്ങൾ കൊണ്ടുവരലും ഒക്കെ. മുറ്റം നിറയെ പന്തലിട്ട്, അലങ്കാരവും, ആളും, ബഹളവു മായി ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരുന്നു. പെട്രോമാക്സ് വെളിച്ചത്തിൽ രാത്രികളിലും  ഒരുക്കങ്ങൾ തുടർന്നു. ഞങ്ങൾ കുട്ടിപ്പട്ടാളം ഫുൾ കോറം തികച്ച് ഒരുക്കങ്ങളിലിടയിലൂടെയും, പന്തലിലുമൊക്കെയായി കളികളിൽ മുഴുകി. തലേദിവസമായപ്പോഴേക്കും ജനറേറ്ററൊക്കെ വച്ച് നിറയെ ലൈറ്റുകളും, വർണ്ണ പേപ്പർ കൊണ്ടും, തുണികൾ കൊണ്ടും ഒക്കെയുള്ള അലങ്കാരങ്ങളുമായി പന്തൽ വിസ്മയമായി. വൈകീട്ട് എല്ലാ കുടുംബ വീടുകളിൽ നിന്നും, ബന്ധുവീടുകളിൽ നിന്നും ഉള്ള ആളുകൾ എത്തി തുടങ്ങി. ഞങ്ങൾ കുട്ടികളുടെ എണ്ണവും കൂടി വന്നു. പല ഗ്രൂപ്പുകളായി ഞങ്ങൾ തകർക്കൽ തുടർന്നു. വിരുന്നുകാരുടെ കുശലാന്വേഷണവും, കാരണവൻമാരുടെ തുറിച്ചു നോട്ടവും പലപ്പോഴും ഞങ്ങളുടെ ചെയ്തികളെ തടസ്സപെടുത്തി കൊണ്ടിരുന്നു. കല്യാണത്തെ കുറിച്ചും, കല്യാണ ചെറുക്കനെ പറ്റിയും, സദ്യവട്ടങ്ങളെ കുറിച്ചും ഒക്കെ ഞങ്ങളുടെ ചെറിയ വായകൾ വലിയ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വരവൂരാണ് കല്യാണ ചെക്കൻ രവീ ന്നാ പേര്, ആള് ബോംബേലാ, ശൈലേച്ചി ബോംബെക്കു പോകും തുടങ്ങിയ പല പല ചർച്ചകൾ. തുടർന്ന് കല്യാണസദ്യക്ക് ആദ്യ ട്രിപ്പിൽ തന്നെ ഉണ്ണാൻ ഇരിക്കണം എന്ന തീരുമാനവുമായി ഞങ്ങടെ സദസ്സ് രാത്രിയിൽ പിരിഞ്ഞു.

അങ്ങിനെ ആ സുദിനം വന്നെത്തി. രാവിലെ തന്നെ കുളിച്ച് കുറിതൊട്ട് പുതിയ കുപ്പായമൊക്കെ ഇട്ട് ഞങ്ങൾ തയ്യാറായി. അത് ചെയ്യരുത്, ഇത് ചെയ്യരുത്, കുപ്പായത്തിൽ അഴുക്കാക്കരുത്, അടി കൂടരുത്, ഒതുങ്ങി ഒരു സ്ഥലത്തു തന്നെ ഇരിക്കണം, ഒന്നിനും ആക്രാന്തം കാണിക്കരുത് തുടങ്ങി അവനവന്റെ വീട്ടിലെ നിബന്ധനകൾക്ക് തലയാട്ടി ഞങ്ങളോരോരുത്തരും പന്തലിൽ സ്ഥാനമുറപ്പിച്ചു. തലേ രാത്രിയിലെ തീരുമാനം നടപ്പിലാക്കാൻ ഒരിക്കൽ കൂടി സന്ധിയായി. അത്യാവശ്യം തരികിട കളികൾ ഒക്കെ തുടങ്ങിയപ്പോഴാണ് കാരണവൻമാരുടെ അന്ത്യശാസനം 'കുട്ടികൾ നിലത്ത് വിരിച്ച തുണിയിൽ അടങ്ങിയിരിക്കണം, ബഹളം വയ്ക്കരുത്, വിളിക്കുമ്പോഴേ ഉണ്ണാൻ ഇരിക്കാവൂ, ആദ്യം ചെറുക്കൻകൂട്ടരാണ് ഇരിക്കേണ്ടത്'. ഇച്ഛാഭംഗത്താൽ പലരും ദു:ഖിതരായി. എന്തായാലും അല്പസമയത്തിനകം വരവൂർ പാർട്ടി പന്തലിലിൽ എത്തിചേർന്നു. വിളക്കും, താലവും മായി ആനയിക്കപെട്ട രവിയേട്ടൻ മണ്ഡപത്തിൽ പ്രത്രേകം ഒരുക്കിയ പലകമേൽ  ഇരുന്നു. പട്ട്സാരിയും, ആഭരണങ്ങളുമൊക്കെയായി കണ്ണീർ ചാലുകൾ ഒഴുകുന്ന മുഖവുമായി ശൈലേച്ചിയെ തറവാട്ടിലെ മറ്റു പെണ്ണുങ്ങൾ മണ്ഡപത്തിലേക്ക് കൊണ്ടു വന്നിരുത്തി. ചടങ്ങുകൾ ആരംഭിച്ചു, എന്തിനാ കല്യാണ സമയത്ത് കരയുന്നത് എന്ന എന്റെ സംശയം ഉത്തരമില്ലാതെ അവശേഷിച്ചു. 'എന്നാൽ ഉണ്ണാൻ ഇരിക്കാം' ആരൊക്കെയോ ചെറുക്കൻ കൂട്ടരെ ക്ഷണിച്ചു, കേട്ടപാതി കേൾക്കാത്ത പാതി  കാരണവർസിന്റെ വാക്കുകൾ കാറ്റിൽ പറത്തി ഞങ്ങൾ ചിലർ സീറ്റൊപ്പിച്ചു. അങ്ങിനെ പന്തിയിൽ ഒന്നാമതായി കുട്ടി പട്ടാളത്തിന്റെ അഭിമാനം കാത്തു കൊണ്ട് ഞാനടക്കമുള്ളവർ മാത്യകയായി, കാരണവൻമാരുടെ നോട്ടപുള്ളിയും. അങ്ങിനെ വരവൂരും, ബോംബെയിലും ഒക്കെയായി ശൈലേച്ചി തുടർന്നുള്ള കുറച്ചു കാലം. നേതാവില്ലാത്ത ഞങ്ങൾ കുട്ടിപട്ടാളം പക്ഷേ യുദ്ധങ്ങളും, സർക്കസ്സുകളും തുടർന്ന് കൊണ്ടിരുന്നു.......





ചില കാരണവൻമാരും, വീട്ടുകാരും...

അക്കാലത്തെ ഞങ്ങളുടെ തറവാട്ടിലെ തലമൂത്ത കാരണവർ കുന്ത്രമാമ ആയിരുന്നു. എന്റെ അമ്മമ്മയുടെ ജേഷ്ഠ സ്ഥാനത്തായിരുന്ന ഇദ്ദേഹം ജനിച്ചതും ബാല്യം കഴിച്ചതും ഒക്കെ ഞങ്ങളുടെ തറവാടായ എന്റെ വീട് മേലേല് ആയിരുന്നത്രേ. അമ്മു അമ്മമ്മയുടെ ജേഷ്ഠനായിരുന്ന ഇദ്ദേഹം കൊച്ചു അമ്മമ്മയുടേയും, അമ്മിണി അമ്മമ്മയുടേയും ഒക്കെ അമ്മാവനാണ്. കുന്ത്രമാമ അക്കാലത്ത് കപ്പാരത്ത് വീട്ടിൽ - വരോട്ടൂർ ദേശത്തായിരുന്നു താമസം. വളരെ കുറച്ചേ ആറങ്ങോട്ടുകരയിലേക്ക് വരാറുള്ളൂ. എങ്കിലും ഈ രണ്ടു വീടുകളുമായുള്ള ബന്ധം പല പല വിവാഹങ്ങളിലൂടെ സുദ്യഡമായിരുന്നു. കുന്ത്ര മാമയുടെ മുത്തമകൾ ജാനു അമ്മായിയെ കല്യാണം കഴിച്ചത് കൊച്ചു അമ്മമ്മയുടെ ജേഷ്ഠനായ പൊന്നുമാമയാണ്. കുന്ത്ര മാമയുടെ മൂത്ത മകൻ ഉണ്ണിമാമ കല്യാണം കഴിച്ചത് അമ്മു അമ്മയുടെ മൂത്ത മകൾ തങ്ക വല്യമ്മയേ ആണ്. എന്റെ അമ്മയുടെ മൂത്ത ജേഷ്ഠൻ - എന്റെ വല്യമാമ - കുട്ടമാമ കല്യാണം കഴിച്ചതും കുന്ത്രമാമയുടെ മറ്റൊരു മകളെയാണ് - കുഞ്ഞങ്കം എന്ന എന്റെ വല്യമ്മായി. എന്റെ രണ്ടാമത്തെ അമ്മാവൻ ചന്ദ്രമാമയും ഇതേ കുടുംബത്തിൽ നിന്ന് തന്നെയാണ് കല്യാണം കഴിച്ചത് - വല്യമ്മായിടെ ചേച്ചിയുടെ മകൾ - ഓമന അമ്മായി. അങ്ങിനെ ചങ്കരത്തും, കപ്പാരത്തുമായി നേരിട്ടും അല്ലാതേയുമായ ഒരുപാട് ബന്ധുത്വം ഉണ്ടായി.


കുന്ത്രമാമയുടേയും, അമ്മു അമ്മമ്മയുടേയും ഒക്കെ അനിയത്തിയായിരുന്ന ആലിക്കലെ അമ്മമ്മയും, അവരുടെ ഭർത്താവ് അച്ചച്ഛനും ഞങ്ങളുടെ വീടുകളിൽ നിന്ന് അൽപം മാറി ആലിക്കൽ എന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എല്ലാ കുടുംബാംഗങ്ങളും സ്നേഹാദരവോടെ കണ്ടിരുന്ന അമ്മമ്മയ്ക്കും, അച്ചച്ഛനും മക്കൾ ഉണ്ടായിരുന്നില്ല. ഈ അമ്മമ്മയുടെ ജേഷ്ഠത്തിയുടെ മകളും, കൊച്ചു അമ്മമ്മയുടെ ജേഷ്ഠത്തിയുമായിരുന്ന പാറുവേട്ടത്തിയുടെ  മക്കളായ ചിന്നമണിയേടത്തിയും, അമ്മിണിയsത്തിയും, അപ്പുവേട്ടനും, ശിവേട്ടനും അവരുടെ കുടുംബങ്ങളും ഒക്കെയാണ് ആലിക്കൽ വീട്ടിലെ മറ്റു താമസക്കാർ. ഇവരുടെ ഒക്കെ മൂത്തതായ വേശാളു ഏട്ടത്തി കുടുംബമായി കുറച്ചു മാറി പാടി എന്നറിയപെട്ടിരുന്ന സ്ഥലത്താണ് താമസിച്ചിരുന്നത്.


പുത്തൻവീട്ടിലെ അമ്മാവൻ ഞങ്ങളുടെ മറ്റൊരു കാരണവർ. ചങ്കരത്ത് കിഴക്കേലെ കിഴക്കുഭാഗത്തായിരുന്നു പുത്തൻവീട്.  ഇവിടുത്തെ അമ്മാവനും, അമ്മായിയും, മക്കളായ കുട്ടപ്പേട്ടനും, വേശുമണി ചേച്ചിയും ഞങ്ങളുടെ എല്ലാ ദിവസങ്ങളിലേയും മുഖങ്ങളായിരുന്നു. അമ്മാവന്റെ മറ്റു മക്കളായ രാമേട്ടൻ, ചന്ദ്രേട്ടൻ, പരമേട്ടൻ, പ്രഭേട്ടൻ എന്നിവർ വിശാഖപട്ടണത്തായിരുന്നു. വേശുമണി ഏട്ടത്തിയുടെ ചേച്ചി വേശുഏടത്തി കടുകശ്ശേരിയിലാണ് താമസം.


കിഴക്കേ വീട്ടിലെ ഗോവിന്ദമാമയും, പെങ്ങൻമാരായ മീനാക്ഷി ഏടത്തിയും, മോഹാമി ഏടത്തിയും, അവിടുത്തെ ഉണ്ണികുട്ടേട്ടനും, പ്രീത ചേച്ചിയും  ഒക്കെ ഞങ്ങളുടെ ദിവസങ്ങളുമായി എന്നും ചേർന്നു നിന്നിരുന്ന കുടുംബാഗങ്ങളാണ്.


കൂടാതെ മഠത്തിലെ അമ്മമ്മ, അവരുടെ മക്കളായ ഗോപിയേട്ടൻ, സേതു വേട്ടൻ, ശിവേട്ടൻ, കനക ചേച്ചി, വസന്തേച്ചി, സാവിത്രേച്ചി, ശങ്കരേട്ടൻ, തോപ്പിലെ നാരായണേട്ടൻ, കുട്ടേട്ടൻ, ഇട്ടിയാബ്രത്തെ പൊന്നു ചേച്ചി, പമ്പേട്ടൻ, കുട്ടേട്ടൻ, കരനിങ്ങാട്ടെ ഉണ്ണിയേട്ടൻ, മോഹനേട്ടൻ, സുന്ദരേട്ടൻ അങ്ങിനെ അങ്ങിനെ നീണ്ടു കിടക്കുന്ന ആളുകൾ........


ഇവയ്ക്കെല്ലാം പുറമേ ഞങ്ങളുടെ അയൽവക്കമായ ചങ്കരത്തേതല്ലാത്ത രണ്ടു മൂന്ന് വീട്ടുകാർ കൂടി ഉണ്ട്. ഒന്ന് കപ്പാരത്ത് വീട്, ഇത് ശൈലേച്ചിയുടെ അച്ഛൻ ഗോവിന്ദമാമടെ വീടാണ്.  ഇപ്പോൾ ഇവിടെ ഇദ്ദേഹത്തിന്റെ അനുജൻ മാരായ നാരയണ മാമയും, അച്ചുമാമയും പിന്നെ ഇവരുടെ മരുമകളായ പത്മാവതി ടീച്ചറും കുടുംബവുമാണ് താമസം. മറ്റൊന്ന് ചേറംബാല എന്റെ മുത്തച്ഛന്റെ കുടുംബക്കാരാണ് ശങ്കരുട്ടിമാമയും, പാറുക്കുട്ട്യേടത്തിയും, ചന്ദ്രേട്ടനും ഒക്കെയാണ് ഇവിടെ. മൂന്നാമതായി വടക്കുംകര.


പിന്നെ എടുത്ത് പറയേണ്ടത് ബാബുവിനെ കുറിച്ചാണ്. എല്ലാ കുട്ടികളും പേര് വിളിച്ചിരുന്ന എന്നാൽ ഞങ്ങളേക്കാൾ ഒക്കെ പ്രായം ഉണ്ടായിരുന്ന ബാബു - വീട്ടിലെ (അമ്മിണി അമ്മമ്മയുടെ വീട് ) അകം പണികളും, ചെറിയ പുറം പണികളും ഒക്കെയായി ഒരു വീട്ടുകാരനെ പോലെയായിരുന്നു.  ഒരു കാലിന് ചെറിയ പ്രശ്നമുണ്ടായിരുന്നെങ്കിലും നടക്കാനും, ചാടാനും, ഓടാനും, കളിക്കാനും ഒക്കെ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു ബാബു.




ഒരു മരണത്തെകുറിച്ച്.......


മരണവും, സ്വർഗ്ഗവും, നരകവും ചിലപ്പോഴൊക്കെ ഒരു വിഷയമാകാറുണ്ട് പലപ്പോഴും ചില മരണ വാർത്തകൾ അറിയുമ്പോൾ. എങ്കിലും മരണവീടുകളോ, മരണാനന്തര ചടങ്ങുകളോ ഓർമ്മയിൽ ഉണ്ടായിരുന്നില്ല. 16 ന് അടപ്രഥമൻ കൂട്ടി പപ്പടം ഇല്ലാത്ത സദ്യ ഉണ്ണുന്നതാണ് മരണത്തിന്റെ അന്നത്തെ ഒരു വേർഷൻ. മരണവും, ചടങ്ങുകളും, അതിനു ശേഷവമുള്ള കാര്യങ്ങളുമൊക്കെ ആയിടക്കാണ് ഞങ്ങളുടെ ദിനങ്ങളിലും വിരുന്ന് വന്നത്. തെക്കേലെ അമ്മു അമ്മമ്മയുടെ മരണം.


ഒരു ഞായർ അച്ചൻ വീട്ടിലുണ്ട്, അതോണ്ട് മര്യാദക്കാരനായി ഉച്ചയൂണും കഴിഞ്ഞ് റേഡിയോ കേട്ടുകൊണ്ട് വീട്ടിലെ പൂമുഖത്ത് സമയം കൊല്ലുമ്പോഴാണ് ശാന്ത മേമയുടെ ഉറക്കെയുള്ള നിലവിളി ' കൊച്ചു ഓപ്പോളേ, ഗോപേട്ടാ,.... ഓടിവായോ' ഏതാനും മിനിട്ടുകൾക്കകം ചുറ്റുവട്ടത്തുള്ളവരെല്ലാം ഓടി കൂടി തെക്കേലെത്തി. വലിയ ശബ്ദത്തിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന അമ്മു അമ്മമ്മ ഇടനാഴിയിൽ നിലത്ത് കിടക്കുന്നു. ആരൊക്കെയോ പോയി സുരേന്ദ്രൻ വൈദ്യരെ വിളിച്ചു കൊണ്ടുവന്നു. എന്തോ നോക്കി മൂപ്പര് തിരിച്ചു പോയി. എന്റെ അമ്മമ്മ ഞങ്ങളുടെ വീടിന്റെ രണ്ടാം തട്ടിൽ സൂക്ഷിച്ചിട്ടുള്ള ഗംഗാജലം എടുത്ത് കൊണ്ടുവന്നു. കരച്ചിലുകൾക്കിടയിൽ ശ്വാസം എടുക്കുന്ന ആ വലിയ ശബ്ദം മുഴങ്ങികൊണ്ടിരുന്നു. രാത്രിയോടെ മരണം സ്ഥിരീകരിക്കപ്പെട്ടു. പിറ്റേന്ന് ഉച്ചയോടു കൂടി തെക്കേലെ  തെക്കെ തൊടിയിൽ ശരീരം ദഹിപ്പിക്കപ്പെട്ടു. എന്തായാലും തുടർ ദിവസങ്ങളിൽ ബലി ഇsലും മററു മൊക്കെയായി എല്ലാ വീട്ടുകാരും കൂടി ചേർന്നു. മരണത്തിന്റെ വേദനകളേക്കാൾ കളിക്കാൻ ആളുകൾ കൂടിയതിന്റെ സന്തോഷമായിരുന്നു ഞങ്ങൾ കുട്ടികൾക്ക്. പത്താം ദിവസം മുതൽ ഞങ്ങൾ കുട്ടികളുടെയെല്ലാം ഭക്ഷണം തെക്കേതിൽ നിന്നായി. 13 നാൾ വൈകീട്ട് മുതൽ കർമ്മികളുടെ സാന്നിധ്യത്തിൽ മരണാനന്തര ചടങ്ങുകൾ, പതിനാലും, പതിനഞ്ചിന്റെ അത്താഴവും, പതിനാറ് സദ്യയും ഒക്കെയായി ചില ദിവസങ്ങൾ. മറ്റ് വീടുകളിലായി ഞങ്ങൾ കുട്ടി പട്ടാളം കളിച്ചു തിമർത്തു. പതിനേഴാം ദിവസം മണ്ണാത്തി ലക്ഷ്മി അലക്കി കൊണ്ടുവന്ന വെള്ളമുണ്ട് ഇടങ്ങാഴി നെല്ലിന്റെ മുകളിൽ വച്ച്, ആ മുണ്ടിൽ പറ്റിയ നെൽ മണികൾ ശാന്തമേമ എണ്ണിയത് എന്തിനു വേണ്ടിയായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല. ആളും, ആരവവും ഒഴിഞ്ഞ് വീണ്ടും ഞങ്ങളുടെ ദിനരാത്രങ്ങൾ സംഭവിച്ചുകൊണ്ടേ ഇരുന്നു............


*തുടരും*


2016 ഓഗസ്റ്റ് 10, ബുധനാഴ്‌ച




വാലും മൂടും - 1

*****************

ബാല്യകാല സ്മരണകൾ അഥവാ സ്മരണയിലുള്ള എന്റെ ബാല്യകാലം. എന്നു വച്ചാൽ 6 വയസ്സു മുതൽ ഉള്ള ഒരു 7 വർഷം.  കൃത്യമായി പറഞ്ഞാൽ എന്റെ പ്രൈമറി, അപ്പർ പ്രൈമറി കാലഘട്ടത്തിലെ വാലും മൂടും ഇല്ലാത്ത അഥവാ വാലും മൂടും മാത്രം ഉള്ള ചില ഓർമ്മകൾ, വിചാരങ്ങൾ, ദിനങ്ങൾ..........


ഒരല്പം പശ്ചാത്തലം;

അമ്പലങ്ങളും, കാവും, വയൽപരപ്പും, തോടും കുളങ്ങളും, നാടൻകലകളും ഒക്കെയായി സാധാരണക്കാരും, ക്യഷിക്കാരും, കർഷക തൊഴിലാളികളും ജീവിച്ചിരുന്ന ഒരു ഗ്രാമീണഭംഗി. തൃശ്ശൂർ ജില്ലയിൽ  തലപ്പിള്ളി താലൂക്കിൽ ദേശമംഗലം പഞ്ചായത്തിൽ പെട്ട  ആറങ്ങോട്ടുകര ദേശം. തൃശ്ശൂർ - പാലക്കാട് ജില്ലകളുടെ ഒരു അതിർത്തി ഗ്രാമം (കുറച്ചു ഭാഗങ്ങൾ പാലക്കാട് ജില്ലയിൽ തിരുമിററക്കോട് പഞ്ചായത്തിൽ പെട്ടതാണ്). ചുറ്റു ഭാഗങ്ങളിൽ ദേശമംഗലം, കൊണ്ടയൂർ, വരവട്ടൂർ, കടുകശ്ശേരി, വിരുട്ടാണം, തലശ്ശേരി, വരവൂർ, പിലക്കാട്, എഴുമങ്ങാട് ദേശങ്ങൾ. ഇവയ്ക്കെല്ലാം നടുവിൽ തലയെടുപ്പോടെ, സ്വച്ഛസുന്ദരമായ,  ഒരു വള്ളുവനാടൻ ഗ്രാമം  - ആറങ്ങോട്ടുകര. വള്ളുവകോനാതിരിക്ക് ആറങ്ങോട്ട് സ്വരൂപം എന്ന് നാമം നല്കിയ ദേശം........
















മൺമറഞ്ഞ പ്രതാപകാലത്തിന്റെ അവശേഷിപ്പുകളുമായി ചില തറവാടുകൾ അതിലൊന്നായ ചങ്കരത്ത് - എന്റെ തറവാട്. നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രമാണിത്വം, ചങ്ക് അറക്കാൻ അധികാരമുണ്ടായിരുന്ന വീട് - ചങ്കരത്ത് വീട്. ചേരമാൻ പെരുമാളിന്റെ സാമന്തരിൽ മുഖ്യ നായിരുന്നു ചങ്കരത്തു കാരണവർ - സേനാനായകത്വം, ദേശത്തെ രാജ പ്രതിനിധി, കപ്പം പിരിക്കാനും, നീതി നടത്താനും, രാജ വസതിയായ വലിയവീട്ടിൽ  (വല്യൂട്ടിൽ)  ന്റെ നിയന്ത്രണ സംരക്ഷണാവകാശവും ഒക്കെയുള്ള കുടുംബം. അവസാനത്തെ ചേരമാൻ പെരുമാൾ 36 വർഷത്തെ തന്റെ ഭരണശേഷം അധികാരം ഒഴിഞ്ഞ് പോകുന്നതിനു മുൻമ്പായി തന്റെ അധീനതയിലുള്ള രാജ്യം മുഴുവൻ സാമന്തൻമാർക്ക് ഭാഗിച്ച് കൊടുക്കുകയും, "ചത്തും കൊന്നും അടക്കി കൊൾക"  എന്നും പറഞ്ഞു കൊണ്ട് സ്വന്തം വാൾ കുന്നലക്കോനാതിരിക്കും, പരിച വള്ളുവകോനാതിരിക്കും നൽകി എന്നും പറയപ്പെടുന്നു. തുടർന്നുള്ള അധികാര മാത്സര്യവും, പല തവണയായുള്ള പടയോട്ടങ്ങളും, മാമാങ്ക നടത്തിപ്പുകളും  ഒക്കെ ചങ്കരത്ത് തറവാടിന്റെ ചരിത്രവും, നിയോഗവും ആയിരുന്നു. ഇതിന്റെ ഒക്കെ ഫലമായി അധികാരവും, പദവിയും നഷ്ടപെടുകയും, കുടുംബത്തിൽ ആരോഗ്യ ഗാത്രരായ പുരുഷൻമാർ ഇല്ലാതാവുകയും, സ്ത്രീകളും, കുട്ടികളും, വിധവകളും, അംഗഭംഗം സംഭവിച്ച പുരുഷൻമാരും, രോഗികളായ വ്യദ്ധ ജനങ്ങളും അടക്കമുള്ളവർ പലയിടങ്ങളിലായി  വിഭജിക്കപ്പെടുകയും ചെയ്തു.   കുടുംബത്തിലെ നാഥനിലാത്ത അവസ്ഥ, പ്രമാണിത്വത്തിന്റെ അസ്തമയം, വസ്തുവകകൾ സംരക്ഷിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ എന്നിവ കഷ്ടപാടുകളുടേയും, ദുരിതങ്ങളുടേയും ദിനങ്ങളിലേക്ക് തള്ളിവിട്ടു.
















ഏകദേശം 400 - 500 കൊല്ലങ്ങൾക്ക് മുൻപ്   കാര്യ പ്രാപ്തിയും, ധൈര്യശാലിയും ആയിരുന്ന കുടുംബത്തിലെ ഒരു മുത്തശ്ശി ഈ തറവാട്ട് - കുടുംബാംഗങ്ങളെയെല്ലാം ഒന്നിച്ചു ചേർക്കുകയും ഒരു പതിനാറു കെട്ട്  വീട് ആസ്ഥാനമാക്കി സ്വത്ത് വകകളും, മറ്റ്  കുടുംബ വകകളും സംരക്ഷിച്ച്, കൃഷിയും മറ്റ് ദൈന്യം ദിന കാര്യങ്ങളുമായി ജീവിച്ചു പോരുകയും ചെയ്തു. ഈ  വീട് പല തലമുറ കൈമാറുകയും, ഒന്നിലധികം പ്രാവശ്യം അഗ്നിക്കിരയാകുകയും, പുനർ നിർമ്മിക്കുകയും ചെയ്യപ്പെട്ടു. തുടർന്ന് ഈ തറവാട്ടിൽ നിന്ന് പല പ്രാവശ്യമായി ഭാഗം വാങ്ങി ഏതാണ്ട് 64 ഓളം താവഴികൾ പലയിടങ്ങളിലായി - ആറങ്ങോട്ടുകര, തലശ്ശേരി, വരവൂർ, ദേശമംഗലം,  വരവട്ടൂർ, കടുകശ്ശേരി, എഴുമങ്ങാട്, പെരിങ്ങോട് തുടങ്ങി പല ദേശങ്ങളിലായി താമസിക്കുവാൻ തുടങ്ങി. പിന്നിട്  ബാക്കിയായ പ്രസ്തുത തറവാട് വീട് ചെറുതായി ചെറുതായി എന്റെ അമ്മമ്മയുടെ അമ്മമ്മ താവഴി താമസം തുടരുകയും പിന്നീട് എന്റെ അമ്മമ്മയുടെ അവകാശത്തിലാകുകയും ചെയ്തു. അന്ന് ഈ ദേശത്തു തന്നെ 30 ൽ അധികം വീടുകളിലായി പല വീട്ടു പേരുകളുമായി ചങ്കരത്ത് കുടുംബാംഗങ്ങൾ താമസിച്ചു വന്നിരുന്നു. പുലായ്മയും, ബലികർമ്മങ്ങളും ഒക്കെ ചേർന്ന് ആചരിച്ചിരുന്ന, പരസ്പര സ്നേഹ, സൗഹാർദ്ദ മായി ജിവിച്ചിരുന്ന  കുടുംബ താവഴികൾ പക്ഷേ തമ്മിലുള്ള ബന്ധം പല തലമുറകൾക്കും അപ്പുറമായിരുന്നു. തല മൂത്ത കാരണവർമാർക്ക് പോലും പറഞ്ഞെത്താനാവാത്ത തലമുറകൾക്ക് പിന്നിലായിരുന്നു ചങ്കരത്തു വീട്ടുകാരുടെ ബന്ധങ്ങളുടെ ഉറവിടം.



ചങ്കരത്ത്, വല്യൂട്ടിൽ, പുത്തൻവീട്ടിൽ, കിഴക്കേ വീട്ടിൽ, മഠത്തിൽ, കരനിങ്ങാട്ടിൽ, ഇട്ടിയാബ്രം, ആലിക്കൽ, തോപ്പിൽ തുടങ്ങിയ പല വീട്ടു പേരുകളിൽ കുടുംബക്കാർ ഈ ദേശത്ത് താമസിച്ചു വന്നു. ഇതിൽ തന്നെ 5 വീടുകൾ ചങ്കരത്ത് എന്ന പേരിൽ തന്നെ പഴയ തറവാടിന് അടുത്തടുത്തായി തുടർന്ന് പോന്നു. ഈ വീടുകളെ കുടുംബക്കാരും, നാട്ടുകാരും എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി മേലേലെ, താഴ്ത്തേലെ, തെക്കേലെ, കിഴക്കേലെ, വീട്ടിലെ തുടങ്ങിയ ചെല്ല പേരുകളും ഇട്ടു കൊടുത്തു. ഇതിൽ പുരാതന തറവാടായ എന്റെ വീട് മേലേലെ എന്നറിയപെട്ടു. ഈ വീടുകളും അവിടത്തെ കുട്ടികളും, അമ്മമാർ, അച്ഛൻ, വലിയമ്മ,  ചെറിയമ്മ, അമ്മാവൻമാർ, അമ്മായിമാർ, അമ്മമ്മമാർ, കാരണവൻമാർ, ബന്ധുജനങ്ങൾ പിന്നെ കുറേ പണിക്കാരും കൂടി ചേർന്ന് കഴിഞ്ഞാൽ ചങ്കരത്തെ ലോകമായി - കുടുംബ പശ്ചാത്തലമായി.


ഇനി ദേശത്തെ പറ്റി പ്രതിപാദിച്ചാൽ പ്രധാനമായി മൂന്ന് ബസ് സ്റ്റോപ്പുകൾ ഉള്ള മെയിൻ റോഡ്  (4 - 5 ബസ്സുകൾ 2 - 3 ട്രിപ്പുകൾ ഓടുന്ന ടാറിട്ട റോഡ്), ഈ റോഡിനിരുവശവുമായി പരന്നു കിടക്കുന്ന വയൽ പരപ്പ്, സത്യൻ ടാക്കീസ്, അതിനോട് ചേർന്ന് ഒരു ചെറിയ പലചരക്ക് പീടിക,  എതിർവശത്ത് കറുത്ത പെയ്ന്റടിച്ച ഒരു പെട്ടികട, നമ്പ്യാരുടെ ഹോട്ടൽ, NSS കരയോഗം ആപ്പിസ്, പിന്നെ എസ്റേററ്റ് പടി, കപ്പാരത്തെ പീടിക,  സുരേന്ദ്രൻ വൈദ്യരുടെ ക്ളിനിക്ക്,  മണിയന്റെ ചായക്കട, യൂണിയൻ ആപ്പീസ്, കുറച്ച് മാറി പരമേശ്വരൻ നായരുടെ തുണിക്കട, നെല്ല് കുത്തുമിൽ, എ. യു. പ്പി. സ്ക്കൂൾ, വായനശാല, വില്ലേജ് ആപ്പീസ്, പോസ്റ്റാപ്പീസ്, കുഞ്ചിയമ്മയുടെ ഹോട്ടൽ, ഹാജ്ജിയാരുടെ കെട്ടിടം, മാനുക്കാന്റെ കട, പട്ടത്തെ കട,  കുമാരന്റെ തുണി ഷാപ്പ്, പിന്നെ കുറച്ച് അകിടം പകിടം കടകൾ ഇതൊക്കെയായിരുന്നു. അന്നത്തെ ആറങ്ങോട്ടുകര ടൗൺ. പിന്നെ യുളളത് ഒരു കള്ള്ഷാപ്പും, ഒരു ഛാരയ ഷാപ്പുമാണ്. ഇതെല്ലാം പരിപാലിക്കാനും, കാത്ത് സംരക്ഷി -ക്കാനുമായി ദേവ സാനിധ്യമായി, തേവരുടെ ഇരിപ്പിടമായ ത്യക്കോവിൽ ക്ഷേത്രം, കാർത്ത്യായിനി ക്ഷേത്രം, മുല്ലക്കൽ ക്ഷേത്രം എന്നീ ആരാധനാലയങ്ങൾ കൂടി ഉൾപ്പെട്ടാൽ ആറങ്ങോട്ടുകരക്ക് ഒരു ഏകദേശ്ശ രൂപമായി ........




















ഏറിയ പങ്കും കൃഷിക്കാരും, കർഷക തൊഴിലാളികളും, പിന്നെ  സ്ക്കൂളിലെ മാഷ് മാരും, ടീച്ചർമാരും, കൂടാതെ വിരലിൽ എണ്ണാവുന്ന സർക്കാർ ജീവനക്കാർ, ദുബായിക്കാർ എന്നറിയപെടുന്ന ചെറിയ ഒരു സമൂഹം, വിശാഖപട്ടണക്കാരായ കുറച്ചു പേർ, മരപണിക്കാർ, നിർമ്മാണ തൊഴിലാളികൾ എന്നിവർ അടങ്ങുന്ന സാധാരണക്കാരായ ജനങ്ങൾ വലിയ ഒച്ചപാടുകളോ, സംഘടനങ്ങളോ ഇല്ലാതെ സഹവർത്തിത്വത്തോടെ ഇവിടെ ജീവിച്ചു വന്നു. വലിയ മതിലുകളോ, കൂറ്റൻ ഗെയ്ററുകളോ ഇല്ലാത്ത അതിർത്തികൾ, ഇടവഴികൾ, പാടവരമ്പുകൾ അങ്ങിനെ മണ്ണും, പ്രകൃതിയുമായി ഇഴുകി ജീവിക്കുന്ന ആളുകൾ. പൊതുവഴികൾ ഒഴിവാക്കി വീടുകളുടെ മുറ്റങ്ങളിലൂടെയും, തൊടിയിലൂടേയും ഉള്ള എളുപ്പവഴികൾ ആരും തടയാറില്ല, ആർക്കും എതിർപ്പുകളുമില്ല. പഞ്ചാരയും, കാപ്പി പൊടിയും, കറികളും പകർച്ചവാങ്ങിയും, ഓരോ വീട്ടിലും ഉണ്ടാകുന്ന പച്ചക്കറികളും,  പഴങ്ങളും, പാത്രങ്ങളും പങ്കുവെച്ചും, എന്തിനും ഏതിനും പരസ്പരം ഓടിയെത്തുന്ന അയൽക്കാരും, നാട്ടുകാരും.............


ഞങ്ങൾ കുട്ടിപട്ടാളം;

താഴത്തേലെ മോഹനേട്ടൻ, ആശേച്ചി, അനിയേട്ടൻ, രജനി, രാധ, തെക്കേലെ പ്രമോദേട്ടൻ, പാപ്പേച്ചീ, ബിന്ദുവേച്ചി, വീട്ടിലെ മഞ്ജുവേച്ചീ ഉച്ചേച്ചീ, മോനു, മോളു, കിഴക്കേതിലെ ദാസേട്ടൻ, കൊച്ചേട്ടൻ, മേലേലെ  ഞാനും, ഭാഗിയും, പിന്നെ ഹർഷ, സീത്തു,  ഹരീഷ്, സൂരജ് തുടങ്ങിയ അന്നത്തെ  മൈനേർസ് പിള്ളേരും, എല്ലാ കുട്ടികളികൾക്കും ഒപ്പമുണ്ടായിരുന്ന ഷൈലേച്ചിയും കൂടിയാൽ ഈ അഞ്ച് ചങ്കരത്തേയും കുട്ടി പട്ടാളമായി. ഈ വീടുകളുടെ ഉള്ളിലൂടേയും, മുറ്റങ്ങളിലൂടേയും, തൊടികളിലൂടെയും കളിച്ചും, ചിരിച്ചും, വഴക്കിട്ടും, പിണങ്ങിയും തകർത്തുല്ലസ്സിച്ചും കൊണ്ട് ഞങ്ങൾ ഈ വാനരപ്പട. ഇതിനും പുറമേ തോപ്പിലെ മനോജേട്ടൻ, കുമാരി ചേച്ചീ, ആലിക്കലെ ശിവേട്ടൻ, സുധ, സുനി, രാജേഷ്, ഉണ്ണിമോൻ, മണിമാമടെ മക്കളായ പ്രസാദ്, സുന്ദരി, പ്രകാശ്, കപ്പാരത്തെ കൈലാസ്, പുത്തൻ വീട്ടിലെ രുഗ്മണി, ലക്ഷ്മി, മഠത്തിലെ കുട്ടികൾ തുടങ്ങി മറ്റ് കുടുംബ വീടുകളിലെ കുട്ടികൾ കൂടിയാകുമ്പോൾ അക്ഷൗഹണിയും, കളികളും മുറുകിവരും. അമ്മമ്മ മാരുടേയും, കാരണവർസിന്റെയും, മറ്റുള്ളവരുടേയും ഒക്കെ മോശമല്ലാത്ത ചീത്ത വിളികളൊന്നും ഞങ്ങളെയോ ഞങ്ങളുടെ കളികളേയോ ഒരിക്കലും ബാധിച്ചിരുന്നില്ല. പലപ്പോഴും അമ്മമാരുടെ ചൂരൽ പ്രയോഗത്തി ലൂടെയായിരിക്കും പല കളികൾക്കും, യുദ്ധങ്ങൾക്കും അവസാനമാകുന്നത്.


ഞങ്ങളുടെ ഗ്രൂപ്പിലേക്ക് വിരുന്നെത്തുന്ന ചില കൂട്ടർ കൂടിയുണ്ട് - അപ്പുണ്ണി മാമടെ മക്കളായ ശോഭേച്ചിയും, പ്രമോദേട്ടനും, വേശമേമ്മടെ മക്കളായ രമേഷേട്ടൻ, സുരേട്ടൻ, രതീഷ്,  വരോട്ടൂർ ശ്യാമളേച്ചീ, വിനേട്ടൻ, പ്രതീഷ്, പ്രിയ പിന്നെ രണ്ട് ഹിന്ദിക്കാരും - വെക്കേഷനിൽ ബോംബെയിൽ നിന്ന് ഉണ്ണിമാമടെ മക്കൾ പ്രകാശും, പ്രീതിയും........


ഇൻഡോറും, ഔട്ട്ഡോറും, സാഹസികവും, അതിസാഹസികവും ഒക്കെയായ പല പല കളികളും, സംഭവങ്ങളും ഒക്കെ യായി ഞങ്ങളുടെ ദിവസങ്ങളും തുടർന്നു പോന്നു.........



*തുടരും*

2016 ഓഗസ്റ്റ് 3, ബുധനാഴ്‌ച




സോമയാഗം എന്ന യജ്ഞം
**************************************
തനിയ്ക്കു വേണ്ടിയല്ലാതെ, ലോകനന്മക്കു വേണ്ടി, പ്രകൃതിക്ക് വേണ്ടി, സർവ്വ ചരാചരങ്ങൾക്കും വേണ്ടി ആത്മസമർപ്പണത്തോടെ നടത്തുന്ന കർമ്മങ്ങളാണ് യജ്ഞനങ്ങൾ.......

വൈദിക യജ്ഞനങ്ങൾ, താന്ത്രിക യജ്ഞങ്ങൾ, ഭാഗവത യജ്ഞനങ്ങൾ എന്നിവ നാം കേട്ടിരിക്കുന്നു. വൈദിക കാലഘട്ടമെന്നോ, വേദങ്ങൾ പിന്തുടർന്നിരുന്ന ഋഷി ശ്രേഷ്ഠൻമാർ ജീവിച്ചിരുന്ന കാലഘട്ടമെന്നോ പറയാവുന്ന യുഗങ്ങളിൽ ചെയ്യപെട്ടിരുന്ന ക്രിയകൾ വൈദിക യജ്ഞനങ്ങൾ എന്നറിയപെടുന്നു. ഭാരതം ലോകത്തിനായ് നല്കിയ ശ്രേഷ്ഠ സംഭാവനകളത്രേ ഈ കർമ്മങ്ങൾ.......

വ്യാസമഹർഷിയാൽ വ്യസിക്കപെട്ട വേദങ്ങൾ എന്ന സംഹിത - ഋഗ്, യജൂർ, സാമം, അഥർവ്വം എന്നീ വേദങ്ങൾ - ഗദ്യ, പദ്യ, ഗാന രൂപങ്ങളിൽ ക്രോഡീകരിക്കപ്പെട്ട ഇവ വേദത്രയം എന്നും അറിയപെടുന്നു. വേദ വിധി പ്രകാരം ആത്മ സമർപ്പണത്തോടു കൂടി ചെയ്യുന്ന യജ്ഞനങ്ങളാണ് യാഗങ്ങൾ..........

സോമരസം പ്രധാന ആഹൂതിയാകുന്ന യാഗങ്ങൾ സോമയാഗം എന്നറിയപെടുന്നു. സോമലത എന്ന സസ്യം ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീരാണ് സോമരസം. ആയുർവേദ പ്രകാരവും, ശാസ്ത്രീയമായും ഒരു പാട് ഔഷധ ഗുണങ്ങളുള്ള അപൂർവ്വ ഇനം സസ്യമാണ് സോമലത. ജരാനരകൾ അകറ്റി ദീർഘായുസ്സ് പ്രധാനം ചെയ്ത അമൃതിന്റെ പ്രധാന ഔഷധ കൂട്ടും സോമലത തന്നെ.....

















ഏഴുതരം സോമയാഗങ്ങൾ ക്രോഡീകരിച്ചതിൽ രണ്ടുതരമാണ് കേരളത്തിൽ നടത്താറുള്ളത്. ഇവയാണ് അഗ്നിഷ്ടോമവും, അതിരാത്രവും. ഇതിൽ അഗ്നിഷ്ടോമ സോമയാഗമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെരുമുടിയൂരിൽ നടന്നത്. പെരുമയുള്ള ഊരായ്, പുണ്യ ഭൂമിയായ് തീരാൻ പെരുമുടിയൂരിന്റെ ദൈവഹിതം.....
















ഏപ്രിൽ 6 മുതൽ 15 കൂടി 10 ദിവസങ്ങളിലായി പെരുമുടിയൂർ ശിവക്ഷേത്രത്തിന സമീപം വയൽ പരപ്പിലായിരുന്നു ഈ മഹായജ്ഞനത്തിന്റെ യാഗശാല.  ധാരണയായി 6 ദിവസങ്ങളിലായാണ് അഗ്നിഷ്ടോമ സോമയാഗം യാഗശാലയിൽ നടക്കുന്നത്. നാലു ദിവസങ്ങളിലെ ചടങ്ങുകൾ വൈദിക ഗ്രഹങ്ങളിലോ, സൗകര്യമുള്ള ക്ഷേത്രങ്ങളിലോ ആയാണ് ചെയ്യാറുള്ളത്. എന്നാൽ പെരുമുടിയൂരിൽ ഈ 4 ദിവസങ്ങളിലെ ചടങ്ങുകളും യാഗശാലയിൽ മുഴുവൻ ജനങ്ങൾക്കും ദർശിക്കാവുന്ന വിധത്തിൽ നടത്തുകയായിരുന്നു.....



























ലോകനന്മയ്ക്കായ് ഈ യജ്ഞന ക്രിയകൾ ചെയ്യുന്ന വൈദിക ശ്രേഷ്ഠൻ യജമാനൻ എന്നറിയപ്പെടുന്നു. പത്നീ സമേതനായാണ് യജമാനൻ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്. അർദ്ധനാരീശ്വര സങ്കല്പത്തിന്റെ ഉദാത്ത പൂർത്തീകരണം കൂടിയാകുന്നു യജമാന പത്നി. തന മന - ശരീര, ആത്മ സമർപ്പണത്തിന്റെ പൂർണതയാണ് യജമാനന്റെ യാഗശാലയിലുള്ള ദിനങ്ങളും, ക്രിയകളും........



ആദ്യ മൂന്നു ദിനങ്ങൾ നിയുക്ത യജമാനനേയും, പത്നിയേയും ശുദ്ധീകരിച്ച്, ഇഹ പരത്തിലുള്ള സകല പാപങ്ങളിൽ നിന്നും മുക്തി നേടി ഹോമ ക്രിയകൾക്ക് കാർമ്മികത്വം വഹിക്കാൻ യോഗ്യനാക്കുന്ന ക്രിയകളാണ്. ബൗദ്ധാനീയ സ്താനത്തിനു ശേഷം യജമാനൻ പത്നീ സമേതം യാഗശലയിൽ പ്രവേർശിച്ച് ഹോമ ക്രിയകൾ ആരംഭിക്കുന്നു. യജൂർവേദ പ്രകാരമുള്ള ഈ ക്രിയകൾ കുശ്മാണ്ഡി ഹോമം എന്നാണ് അറിയപെടുന്നത്. വേദ വിധി അനുസരിച്ച് ഇതത്രേ സകല പാവനാശനത്തിനുള്ള അവസാന കർമ്മങ്ങൾ. ആദ്യ മൂന്നു ദിനങ്ങളിലും നടക്കുന്ന ഈ കുശ്മാണ്ഡി ഹോമത്തിനു സാക്ഷികളാകുന്നതും, ആ വേദമന്ത്രങ്ങൾ ശ്രവിക്കാൻ സാധിക്കുന്നതും ഏവർക്കും പുണ്യമത്രേ, മോക്ഷദായകമത്രേ....

യജമാനോടൊപ്പം യാഗ കർമ്മങ്ങളിൽ പങ്കെടുക്കുന്ന, നാല് വേദങ്ങളെയും പ്രതിനിധീകരിക്കുന്ന വേദജ്ഞാനികളായ വൈദികർ ഋതിക്കുകൾ എന്ന് അറിയപ്പെടുന്നു. 17 ഋതിക്കുകളാണ് സോമയാഗങ്ങളിൽ ഉണ്ടാവുക. ആചാര്യൻ അതാതു സമയങ്ങളിൽ യജമാനനും, ഋതിക്കുകൾക്കും വേണ്ട നിർദ്ദേശങ്ങൾ നല്കി യജ്ഞന പൂർത്തീകരണം വരെ യാഗശാലയിൽ സന്നിഹിതനായിരിക്കും. നാലാം ദിവസത്തെ ക്രിയകൾക്ക് യജമാനനോടൊപ്പം പ്രധാന 4 ഋതിക്കുകളും പങ്കുചേരുന്നു. യജുർവേദം - 'അധ്യരു', ഋഗ്വേദം - 'ഹോതൻ', സാമവേദം - 'ഉദ്ഗാതൻ', അഥർവ്വവേദം - 'ബ്രഹ്മൻ' തുടങ്ങിയവർ. പിന്നീട് ഓരോ വേദങ്ങൾക്കും മുമൂന്ന് ഋതിക്കുകൾ കൂടിയാകുമ്പോൾ അവരുടെ സഖ്യ 16 ആകുന്നു. ക്രിയകൾക്ക് ഈ 16 ഋതിക്കുകളേയും അഥവാ ചതുർവേദങ്ങളെയും കോർഡിനേറ്റ് ചെയ്യുന്ന വൈദികനാണ് 'സദസ്യൻ' എന്ന പതിനേഴാമത്തെ ഋതിക്ക്.....

വേദമന്ത്രങ്ങൾ ഉരുക്കഴിച്ച് തന്നിൽ അർപ്പിതമായ ക്രിയകൾ അതാതു വേളകളിൽ അനുഷ്ഠിക്കേണ്ട ഋതിക്കുകൾ യാഗാരംഭത്തിൽ തന്നെ ഒന്നിച്ചു ചേർന്ന് പ്രത്രിജ്ഞ എടുക്കുന്നു - യാതൊരു വിധ വികാരങ്ങൾക്കും അടിമപ്പെടാതെ, വിദ്വേഷമോ, അഹം ഭാവമോ ഇല്ലാതെ യാഗാവസാനം ഒത്തൊരുമിച്ച് മഹായജ്ഞനം പൂർത്തികരിക്കും എന്ന ശപഥം. യജമാനൻ യഥാവിധി ഋതിക്കുകളെ വരിക്കുന്നതോടുകൂടി അവർ വല്ലാവിധ പുലായ്മ, മററു മനുഷ്യർ അനുഷ്ഠിക്കുന്ന കർമ്മങ്ങൾ എന്നിവയ്ക്കെല്ലാം അതീതനാകുന്നു...............

യാഗശാലയും, ഹോമകുണ്ഡങ്ങളും ശുദ്ധീകരിച്ച് അഗ്നിയെ ആവാഹിക്കുന്ന ചടങ്ങാണ് തുടർന്ന്. അഗ്നി മഥനം എന്നറിയപെടുന്ന ഈ ക്രിയ അരണി കടഞ്ഞാണ് അഗ്നി ഉദ്പാദി പ്പിക്കുന്നത്. പേരാലിന്റെ തടികൊണ്ട് ഉണ്ടാക്കുന്ന രണ്ട് ഭാഗങ്ങളായുള്ള മര കഷ്ണങ്ങൾ - ഇത് കടഞ്ഞ് അഗ്നി ഉദ്പാദിപ്പിക്കുന്നു. ഇത് എത്ര സമയം എടുക്കും എന്നത് പറയാൻ സാധിക്കാത്തതാണ്. 3 മണിക്കൂറിൽ അധികം മുൻ ചില യാഗങ്ങളിൽ അരണി വലിച്ചത് ശ്രീമാൻ കുട്ടൻ തിരുമേനി ഇവിടെ സാക്ഷ്യപെടുത്തുകയുണ്ടായി. എന്നാൽ പുണ്യ പെരുമുടിയൂരിൽ ഏകദേശം 20 മിനിട്ടുകൾക്കകം അഗ്നിദേവൻ പ്രത്യക്ഷ പെടുകയുണ്ടായി. പഞ്ചാക്ഷരി മന്ത്രധ്വനികളോടും, ഹര ഹര മഹാദേവ ഗർജ്ജനത്തോടെയും പതിനായിരങ്ങൾ അഗ്നിദേവനെ കണ്ടു വണങ്ങി. ഈ തേത്രാഗ്നിയെ ഹോമകുണ്ഡങ്ങളിലേക്ക് പകർന്ന് വേദമന്ത്രങ്ങളോടെ അഗ്നിഹോത്രം ആരംഭിക്കുന്നു....






































അഞ്ചാം ദിനം അഥവാ സോമയാഗത്തിന്റെ ആദ്യ ദിനം, മൂന്ന് ഇഷ്ഠികൾക്ക് ശേഷം ഒരിക്കൽ കൂടി അരണികടഞ്ഞ് സോമയാഗത്തിനുള്ള അഗ്നിയെ സൃഷ്ടിക്കുന്നു. വളരെ പെട്ടെന്നു തന്നെ ഏകദേശം 15 മിനിട്ടുകൾക്കകം അഗ്നി പ്രത്യക്ഷപെടുകയുണ്ടായീ. പ്രധാന ശാലയിലെ ഹോമകുണ്ഡങ്ങളിൽ അഗ്നി പകരുന്നു - സോമയാഗാരംഭം....

തുടർന്ന് യജമാനനെ യഥാവിധികളോടെ, അഭിഷേകം ചെയ്ത് യജമാന പ്രഖ്യാപനം - മൂന്നു തലമുറ മുകളലേക്ക് പേരു ചൊല്ലി യജമാനൻ യാഗം നടത്തുന്നു എന്ന് ഉദ്ഘോഷിക്കുന്നു. മുഷ്ടി ചുരുട്ടി, ക്യഷ്ണമൃഗത്തിന്റെ തോൽ ധരിച്ച്, പ്രത്രേക തലപ്പാവുമായി യജമാനൻ ദീക്ഷ സ്വീകരിക്കുന്നു. തന മന സമർപ്പണം - ആത്മസമർപ്പണത്തിനൊപ്പം ശരീര സമർപ്പണം - സ്വയം അഗ്നിക്ക് സമർപ്പിച്ച് അഗ്നിയെ തന്നിലേക്ക് ആവാഹിക്കുന്നു....

തുടർന്ന് അധ്യരു യജമാനനെ ദീക്ഷയുടെ നിയമാവലി പറഞ്ഞു കേൾപ്പിക്കുന്നു - സംസാരിക്കാൻ പാടില്ല, ചിരിച്ചുകൂടാ, മുഷ്ഠി ചുരുട്ടി വയ്ക്കണം, ചൊറിയാനോ കൈവിരൽ നിവർത്താനോ സാധ്യമല്ല, ഭക്ഷണം പേരിനു മാത്രം അതും നിശ്ചിത അളവിൽ പാല്മാത്രം തിളപ്പിച്ച് വായിലേക്ക് ഒഴിച്ചു കൊടുക്കും, ഉറക്കമില്ല, കുളിയോ മറ്റു ന്യത്യകർമ്മങ്ങളോ സാധ്യമല്ല തുടങ്ങി കഠിനമായ വ്രതം എട്ടാം നാൾ അർദ്ധരാത്രി വരെ തുടരുന്നു.....



ആറാം ദിനം സോമലത യാഗശാലയിലേക്ക് ആനയിക്കപ്പെടുന്നു. യാഗശാലയിലെ രാജാവ് ആയാണ് സോമലതയെ കണക്കാക്കുന്നത്. ഒരു രാജാവിനു ലഭിക്കുന്ന എല്ലാ ആദരവുകളോടും കൂടി, സോമലതയുടെ സാനിധ്യത്തിലാണ് തുടർന്നുള്ള ക്രിയകൾ. തുടർന്ന് യൂപ സ്ഥാപനം, അരിമാവുകൊണ്ടുണ്ടാക്കിയ മൃഗ സങ്കല്പത്തെ ബലി നൽകൽ തുടങ്ങിയ ചടങ്ങുകൾ. അതിനു ശേഷം യാഗശാലയിൽ പ്രവർഗ്യം എന്ന ക്രിയയാണ് മൺപാത്രത്തിൽ വലിയ ഊഷ്മാവിൽ തിളക്കുന്ന നെയ്യിലേക്ക് ഏതാനും തുള്ളി പാല് (പശുവിൻപാലും, ആട്ടിൻപാലും മിശ്രിതം) ഹവിസ്സായി അർപ്പിക്കുമ്പോൾ ഉയർന്നു പൊങ്ങുന്ന അഗ്നിഗോളം മനസ്സും, ശരീരവും, യാഗശാലയും എല്ലാം ശുദ്ധീകരിക്കുന്നു. ഒന്നും, മുന്നും പ്രവർഗ്യം അധ്യരുവും, രണ്ടാം പ്രവർഗ്യം പ്രതിപ്രസ്ഥാതനും ഹവിസ്സർപ്പിക്കുന്നു......















ഏഴും, എട്ടും ദിനങ്ങളിൽ യാഗശാലയിൽ പ്രവർഗ്യങ്ങളും, സോമാഹുതിക്ക് തയ്യാറെടുക്കുന്നതിനുള്ള മറ്റു ക്രിയകളും നടക്കുന്നു. പ്രകൃതിയോട് ഇണങ്ങിയാണ് ഓരോ ക്രിയകളും - മണ്ണിലും, പുല്ലിലും തീർത്ത യാഗശാല യിൽ മൺ നിർമ്മിതമായ ഹോമകുണ്ഡങ്ങൾ, ജലവും, നെയ്യും, പാലും, ധാന്യങ്ങളും, ദർഭയും, നാനാവിധ ഔഷധ കൂട്ടുകളും ഹവിസ്സാകുന്നു, യാഗത്തിനായ്, ഹോമത്തിനായ് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും മണ്ണു കൊണ്ടോ, മരം കൊണ്ടോ നിർമ്മിച്ചയവയാകുന്നു. വേദമന്ത്രങ്ങൾ അന്തരീക്ഷത്തിൽ തരംഗങ്ങൾ സ്യഷ്ടിക്കുമ്പോൾ അത് സകല ജീവജാലങ്ങൾക്കും മനസ്സിനും, ശരീരത്തിനും വലിയ ഊർജ്ജം പ്രധാനം ചെയ്യുന്നു. ഹോമകുണ്ഡത്തിൽ നിന്നും ഉയരുന്ന സുഗന്ധം, ഔഷധ ഗുണമുള്ളകാറ്റ്‌, ആ അന്തരീക്ഷം ഇവ അനുഭവിക്കുക തന്നെ വേണം.......






എട്ടാംനാൾ അർദ്ധരാത്രിയോടു കൂടി യജമാനൻ ദീക്ഷ അവസാനിപ്പിച്ച് സോമാഹുതി ചെയ്യുന്നതിന് പ്രാപ്തനാകുന്നു. അന്ന് പുലർച്ചെ തുടങ്ങിയ ക്രിയകൾ രാത്രി 11:30 കൂടി അവസാനിക്കുന്നു. ഏകദേശം 2 - 3 മണിക്കൂർ ഇടവേളക്കു ശേഷം ഒൻപതാം നാളത്തെ ക്രിയകൾ പുലർച്ചെ 2 മണിയോടു കൂടി ആരംഭിക്കുന്നു. തുടർന്ന് തുടർച്ചയായ ക്രിയകളാണ് ഇത് യാഗാവസാനം വരെ ഇടവേളകൾ ഇല്ലാതെ തുടരുന്നു.









സോമയാഗത്തിന്റെ പ്രധാന ഹവിസ്സായ സോമരസം ഉദ്പാദിപ്പിക്കുന്ന ചടങ്ങുകളാണ് ഒൻപതാം നാൾ തുടക്കത്തിൽ. വേദമന്ത്രധ്വനികളുടെ പശ്ചാത്തലത്തിൽ ഋതിക്കുകൾ സോമലത ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുന്നു. ഈ സോമരസ ആഹൂതിയാണ് ഒൻപത്, പത്ത് ദിവസങ്ങളിലെ പ്രധാന ക്രിയകൾ....


ഒൻപതാം നാൾ ഉദയത്തോടെ ആദ്യ സോമാഹുതി നടക്കുന്നു. പഞ്ചഭൂതങ്ങളും, ദേവഗണങ്ങളും, സർവ്വേശ്വരൻ മാരും യാഗശാലയിൽ സാനിധ്യമാകുന്നു. ഒരു നരജന്മത്തിന്റെ അത്യ അപൂർവ്വമായ അനുഭവം, പഞ്ചേന്ദ്രിയങ്ങളും ശുദ്ധമാകുന്ന നിമിഷങ്ങൾ. യജുർവേദ മന്ത്രങ്ങൾ കൂടുതൽ ഉരുക്കഴിച്ച മുൻദിനങ്ങൾ, സോമാഹുതിക്ക് ശേഷം ഋഗ്വേദ മന്ത്രങ്ങൾ യാഗശാലയിൽ ഉയരുന്നു. ഈ ദിനത്തോടെ യജമാനൻ സോമയാജിപ്പാട് എന്ന സ്ഥാനത്തിന് അർഹനാകുന്നു. തുടർച്ചയായി രാത്രിയിലും യാഗശാല പല വിധ ക്രിയകളാലും, ആഹൂതി കളാലാലും, അഗ്നിഹോത്രത്താലും, വേദോച്ചാരണത്താലും മുഖരിതമാകുന്നു......




പത്താം നാൾ ഏകദേശം ഉച്ചയ്ക്കുശേഷം 3 മണിയോടു കൂടി ക്രിയകൾ അവസാനിക്കുന്നു. യജമാനനും, ഋതിക്കുകളും സ്താനത്തിനായി തിരിക്കുന്നു. ഹോമവസ്തുക്കൾ ജലാശയത്തിൽ ഒഴുക്കി, കുളികഴിഞ്ഞ്, പുതുവസ്ത്രങ്ങൾ ധരിക്കുന്നു. യജമാനനും മറ്റ് ഋതിക്കുകളും ദക്ഷിണ വാങ്ങി സകലരേയും അനുഗ്രഹിക്കുന്നു. യാഗാരംഭത്തിൽ ശപഥം ചെയ്ത ഋതിക്കുകളിൽ ഏറിയ പങ്കും യജ്ഞനം അവസാനിപ്പിച്ച് പിരിയുന്നു. തുടർന്ന് യാഗപരിസമാപ്തിയിലേക്ക്......

തേത്രാഗ്നിയെ തിരിച്ച് അരണിയിലേക്ക് ആവാഹിക്കുന്നു. തുടർന്ന് തേത്രാഗ്നിയെ കാട്ടുതീയ്യാക്കുന്ന ചടങ്ങുകൾ യാഗശാലയുടെ ഉത്തര വേദിയിൽ തുടങ്ങുന്നു. പത്ത് ദിനരാത്രങ്ങളിലായി സർവ്വതും ഏറ്റുവാങ്ങി, എല്ലാം ശുദ്ധീകരിച്ച അഗ്നിയെ സംഹാര ഭാവത്തോടെ കാട്ടുതീയായി പരിണമിപ്പിക്കുന്നു ദർഭ പുല്ലിൽ ആളി കത്തുന്ന അഗ്നിയിലേക്ക് അരിപ്പൊടി അർപ്പിക്കുന്നു. തുടർന്ന് യൂപത്തെ ഈ തീയിലേക്ക് തള്ളിയിടുന്നു......



















യാഗം അവസാനിപ്പിച്ച് യജമാനൻ പത്നീ സമേതം തിരിച്ച് ആവാഹിച്ച തേത്രാഗ്നിയുമായി തന്റെ ഭവനത്തിലേക്ക് മടങ്ങുന്നു. തുടർന്ന് യജ്ഞനം സമാപിച്ച യാഗശാല അഗ്നിക്ക് ഹവിസ്സായി അർപ്പിക്കുന്നു. ഏകദേശം 8 മണിയോടു കൂടി ഭക്തലക്ഷങ്ങളുടെ ഹര ഹര മഹാദേവ, ശംഭോ മഹാദേവ നാമ സ്തുതികളോടെ യാഗശാല അഗ്നിദേവൻ ഭക്ഷിക്കുന്നു. എല്ലാം അഗ്നിക്ക് അർപ്പിച്ച ഒരു മഹായജ്ഞനത്തിന്റെ പര്യവസാനം.....


യജമാനൻ സോമയാജിപ്പാടായും, യജമാന പത്നി പത്തനാടിയായും, തേത്രാഗ്നിയുടെ സംരക്ഷകരായി മാറുന്നു. അരണിയിൽ ആവാഹിക്കപ്പെട്ട തേത്രാഗ്നിയെ സ്വഭവനത്തിന്റെ വടക്കിണിയിൽ തീർക്കുന്ന ഹോമകുണ്ഡത്തിലേക്ക് പ്രവേശിപ്പിക്കുന്നു. ആയുഷ്കാലം മുഴുവൻ എല്ലാ ദിനവും, ഇഷ്ടികഴിച്ച് ഈ അഗ്നിക്ക് ഹോമാഹുതി അർപ്പിക്കുന്നു. ജീവിതാവസാനം വരെയുള്ള ഈ ഉപാസന രണ്ടിൽ ഒരാളുടെ ചിതാഗ്നിയായി തീരുന്നു.






ഇദം ന മമ
ഇദം ന മമ
ഇദം ന മമ












രാംജി പെരുമുടിയൂർ
°°°°°°°°°°°°°°°°°°°°°°°°°°°