വാലും മൂടും - 1
*****************
ബാല്യകാല സ്മരണകൾ അഥവാ സ്മരണയിലുള്ള
എന്റെ ബാല്യകാലം. എന്നു വച്ചാൽ 6 വയസ്സു മുതൽ ഉള്ള ഒരു 7 വർഷം. കൃത്യമായി പറഞ്ഞാൽ എന്റെ പ്രൈമറി, അപ്പർ പ്രൈമറി
കാലഘട്ടത്തിലെ വാലും മൂടും ഇല്ലാത്ത അഥവാ വാലും മൂടും മാത്രം ഉള്ള ചില ഓർമ്മകൾ, വിചാരങ്ങൾ,
ദിനങ്ങൾ..........
ഒരല്പം പശ്ചാത്തലം;
അമ്പലങ്ങളും, കാവും, വയൽപരപ്പും,
തോടും കുളങ്ങളും, നാടൻകലകളും ഒക്കെയായി സാധാരണക്കാരും, ക്യഷിക്കാരും, കർഷക തൊഴിലാളികളും
ജീവിച്ചിരുന്ന ഒരു ഗ്രാമീണഭംഗി. തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ദേശമംഗലം പഞ്ചായത്തിൽ പെട്ട
ആറങ്ങോട്ടുകര ദേശം. തൃശ്ശൂർ - പാലക്കാട് ജില്ലകളുടെ
ഒരു അതിർത്തി ഗ്രാമം (കുറച്ചു ഭാഗങ്ങൾ പാലക്കാട് ജില്ലയിൽ തിരുമിററക്കോട് പഞ്ചായത്തിൽ
പെട്ടതാണ്). ചുറ്റു ഭാഗങ്ങളിൽ ദേശമംഗലം, കൊണ്ടയൂർ, വരവട്ടൂർ, കടുകശ്ശേരി, വിരുട്ടാണം,
തലശ്ശേരി, വരവൂർ, പിലക്കാട്, എഴുമങ്ങാട് ദേശങ്ങൾ. ഇവയ്ക്കെല്ലാം നടുവിൽ തലയെടുപ്പോടെ, സ്വച്ഛസുന്ദരമായ, ഒരു വള്ളുവനാടൻ ഗ്രാമം - ആറങ്ങോട്ടുകര. വള്ളുവകോനാതിരിക്ക് ആറങ്ങോട്ട്
സ്വരൂപം എന്ന് നാമം നല്കിയ ദേശം........
മൺമറഞ്ഞ പ്രതാപകാലത്തിന്റെ അവശേഷിപ്പുകളുമായി
ചില തറവാടുകൾ അതിലൊന്നായ ചങ്കരത്ത് - എന്റെ തറവാട്. നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രമാണിത്വം,
ചങ്ക് അറക്കാൻ അധികാരമുണ്ടായിരുന്ന വീട് - ചങ്കരത്ത് വീട്. ചേരമാൻ പെരുമാളിന്റെ സാമന്തരിൽ
മുഖ്യ നായിരുന്നു ചങ്കരത്തു കാരണവർ - സേനാനായകത്വം, ദേശത്തെ രാജ പ്രതിനിധി, കപ്പം പിരിക്കാനും,
നീതി നടത്താനും, രാജ വസതിയായ വലിയവീട്ടിൽ (വല്യൂട്ടിൽ) ന്റെ നിയന്ത്രണ സംരക്ഷണാവകാശവും ഒക്കെയുള്ള കുടുംബം.
അവസാനത്തെ ചേരമാൻ പെരുമാൾ 36 വർഷത്തെ തന്റെ ഭരണശേഷം അധികാരം ഒഴിഞ്ഞ് പോകുന്നതിനു മുൻമ്പായി തന്റെ അധീനതയിലുള്ള രാജ്യം
മുഴുവൻ സാമന്തൻമാർക്ക് ഭാഗിച്ച് കൊടുക്കുകയും, "ചത്തും കൊന്നും അടക്കി കൊൾക" എന്നും പറഞ്ഞു കൊണ്ട് സ്വന്തം വാൾ കുന്നലക്കോനാതിരിക്കും,
പരിച വള്ളുവകോനാതിരിക്കും നൽകി എന്നും പറയപ്പെടുന്നു. തുടർന്നുള്ള അധികാര മാത്സര്യവും,
പല തവണയായുള്ള പടയോട്ടങ്ങളും, മാമാങ്ക നടത്തിപ്പുകളും ഒക്കെ ചങ്കരത്ത് തറവാടിന്റെ ചരിത്രവും, നിയോഗവും
ആയിരുന്നു. ഇതിന്റെ ഒക്കെ ഫലമായി അധികാരവും, പദവിയും നഷ്ടപെടുകയും, കുടുംബത്തിൽ ആരോഗ്യ
ഗാത്രരായ പുരുഷൻമാർ ഇല്ലാതാവുകയും, സ്ത്രീകളും,
കുട്ടികളും, വിധവകളും, അംഗഭംഗം സംഭവിച്ച പുരുഷൻമാരും, രോഗികളായ വ്യദ്ധ ജനങ്ങളും അടക്കമുള്ളവർ
പലയിടങ്ങളിലായി വിഭജിക്കപ്പെടുകയും ചെയ്തു.
കുടുംബത്തിലെ
നാഥനിലാത്ത അവസ്ഥ, പ്രമാണിത്വത്തിന്റെ അസ്തമയം, വസ്തുവകകൾ സംരക്ഷിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ
എന്നിവ കഷ്ടപാടുകളുടേയും, ദുരിതങ്ങളുടേയും ദിനങ്ങളിലേക്ക് തള്ളിവിട്ടു.
ഏകദേശം 400 - 500 കൊല്ലങ്ങൾക്ക്
മുൻപ് കാര്യ പ്രാപ്തിയും, ധൈര്യശാലിയും ആയിരുന്ന കുടുംബത്തിലെ
ഒരു മുത്തശ്ശി ഈ തറവാട്ട് - കുടുംബാംഗങ്ങളെയെല്ലാം ഒന്നിച്ചു ചേർക്കുകയും ഒരു പതിനാറു
കെട്ട് വീട് ആസ്ഥാനമാക്കി സ്വത്ത് വകകളും, മറ്റ് കുടുംബ വകകളും സംരക്ഷിച്ച്, കൃഷിയും മറ്റ് ദൈന്യം
ദിന കാര്യങ്ങളുമായി ജീവിച്ചു പോരുകയും ചെയ്തു. ഈ വീട് പല തലമുറ കൈമാറുകയും, ഒന്നിലധികം പ്രാവശ്യം
അഗ്നിക്കിരയാകുകയും, പുനർ നിർമ്മിക്കുകയും ചെയ്യപ്പെട്ടു. തുടർന്ന് ഈ തറവാട്ടിൽ നിന്ന്
പല പ്രാവശ്യമായി ഭാഗം വാങ്ങി ഏതാണ്ട് 64 ഓളം താവഴികൾ പലയിടങ്ങളിലായി - ആറങ്ങോട്ടുകര, തലശ്ശേരി, വരവൂർ, ദേശമംഗലം, വരവട്ടൂർ, കടുകശ്ശേരി, എഴുമങ്ങാട്, പെരിങ്ങോട് തുടങ്ങി പല ദേശങ്ങളിലായി
താമസിക്കുവാൻ തുടങ്ങി. പിന്നിട് ബാക്കിയായ
പ്രസ്തുത തറവാട് വീട് ചെറുതായി ചെറുതായി എന്റെ അമ്മമ്മയുടെ അമ്മമ്മ താവഴി താമസം തുടരുകയും
പിന്നീട് എന്റെ അമ്മമ്മയുടെ അവകാശത്തിലാകുകയും ചെയ്തു. അന്ന് ഈ ദേശത്തു തന്നെ 30 ൽ
അധികം വീടുകളിലായി പല വീട്ടു പേരുകളുമായി ചങ്കരത്ത് കുടുംബാംഗങ്ങൾ താമസിച്ചു വന്നിരുന്നു.
പുലായ്മയും, ബലികർമ്മങ്ങളും ഒക്കെ ചേർന്ന് ആചരിച്ചിരുന്ന, പരസ്പര സ്നേഹ, സൗഹാർദ്ദ മായി
ജിവിച്ചിരുന്ന കുടുംബ താവഴികൾ പക്ഷേ തമ്മിലുള്ള ബന്ധം പല തലമുറകൾക്കും അപ്പുറമായിരുന്നു.
തല മൂത്ത കാരണവർമാർക്ക് പോലും പറഞ്ഞെത്താനാവാത്ത തലമുറകൾക്ക് പിന്നിലായിരുന്നു ചങ്കരത്തു
വീട്ടുകാരുടെ ബന്ധങ്ങളുടെ ഉറവിടം.
ചങ്കരത്ത്, വല്യൂട്ടിൽ, പുത്തൻവീട്ടിൽ,
കിഴക്കേ വീട്ടിൽ, മഠത്തിൽ, കരനിങ്ങാട്ടിൽ, ഇട്ടിയാബ്രം, ആലിക്കൽ, തോപ്പിൽ തുടങ്ങിയ
പല വീട്ടു പേരുകളിൽ കുടുംബക്കാർ ഈ ദേശത്ത്
താമസിച്ചു വന്നു. ഇതിൽ തന്നെ 5 വീടുകൾ ചങ്കരത്ത് എന്ന പേരിൽ തന്നെ പഴയ തറവാടിന്
അടുത്തടുത്തായി തുടർന്ന് പോന്നു. ഈ വീടുകളെ കുടുംബക്കാരും, നാട്ടുകാരും എളുപ്പത്തിൽ മനസ്സിലാക്കാൻ
വേണ്ടി മേലേലെ, താഴ്ത്തേലെ, തെക്കേലെ, കിഴക്കേലെ, വീട്ടിലെ തുടങ്ങിയ ചെല്ല പേരുകളും
ഇട്ടു കൊടുത്തു. ഇതിൽ പുരാതന തറവാടായ എന്റെ വീട് മേലേലെ എന്നറിയപെട്ടു. ഈ വീടുകളും അവിടത്തെ കുട്ടികളും, അമ്മമാർ, അച്ഛൻ, വലിയമ്മ,
ചെറിയമ്മ, അമ്മാവൻമാർ, അമ്മായിമാർ, അമ്മമ്മമാർ,
കാരണവൻമാർ, ബന്ധുജനങ്ങൾ പിന്നെ കുറേ പണിക്കാരും കൂടി ചേർന്ന് കഴിഞ്ഞാൽ ചങ്കരത്തെ ലോകമായി
- കുടുംബ പശ്ചാത്തലമായി.
ഇനി ദേശത്തെ പറ്റി പ്രതിപാദിച്ചാൽ
പ്രധാനമായി മൂന്ന് ബസ് സ്റ്റോപ്പുകൾ ഉള്ള മെയിൻ റോഡ് (4 - 5 ബസ്സുകൾ 2 - 3 ട്രിപ്പുകൾ ഓടുന്ന ടാറിട്ട
റോഡ്), ഈ റോഡിനിരുവശവുമായി പരന്നു കിടക്കുന്ന വയൽ പരപ്പ്, സത്യൻ ടാക്കീസ്, അതിനോട്
ചേർന്ന് ഒരു ചെറിയ പലചരക്ക് പീടിക, എതിർവശത്ത്
കറുത്ത പെയ്ന്റടിച്ച ഒരു പെട്ടികട, നമ്പ്യാരുടെ ഹോട്ടൽ, NSS കരയോഗം ആപ്പിസ്, പിന്നെ എസ്റേററ്റ് പടി, കപ്പാരത്തെ പീടിക, സുരേന്ദ്രൻ വൈദ്യരുടെ ക്ളിനിക്ക്, മണിയന്റെ ചായക്കട, യൂണിയൻ ആപ്പീസ്, കുറച്ച് മാറി
പരമേശ്വരൻ നായരുടെ തുണിക്കട, നെല്ല് കുത്തുമിൽ, എ. യു. പ്പി. സ്ക്കൂൾ, വായനശാല, വില്ലേജ്
ആപ്പീസ്, പോസ്റ്റാപ്പീസ്, കുഞ്ചിയമ്മയുടെ ഹോട്ടൽ, ഹാജ്ജിയാരുടെ കെട്ടിടം, മാനുക്കാന്റെ
കട, പട്ടത്തെ കട, കുമാരന്റെ തുണി ഷാപ്പ്, പിന്നെ
കുറച്ച് അകിടം പകിടം കടകൾ ഇതൊക്കെയായിരുന്നു. അന്നത്തെ ആറങ്ങോട്ടുകര ടൗൺ. പിന്നെ യുളളത്
ഒരു കള്ള്ഷാപ്പും, ഒരു ഛാരയ ഷാപ്പുമാണ്. ഇതെല്ലാം
പരിപാലിക്കാനും, കാത്ത് സംരക്ഷി -ക്കാനുമായി ദേവ സാനിധ്യമായി, തേവരുടെ ഇരിപ്പിടമായ ത്യക്കോവിൽ
ക്ഷേത്രം, കാർത്ത്യായിനി ക്ഷേത്രം, മുല്ലക്കൽ ക്ഷേത്രം എന്നീ ആരാധനാലയങ്ങൾ കൂടി ഉൾപ്പെട്ടാൽ
ആറങ്ങോട്ടുകരക്ക് ഒരു ഏകദേശ്ശ രൂപമായി ........
ഏറിയ പങ്കും കൃഷിക്കാരും, കർഷക തൊഴിലാളികളും,
പിന്നെ സ്ക്കൂളിലെ മാഷ് മാരും, ടീച്ചർമാരും,
കൂടാതെ വിരലിൽ എണ്ണാവുന്ന സർക്കാർ ജീവനക്കാർ, ദുബായിക്കാർ എന്നറിയപെടുന്ന ചെറിയ ഒരു
സമൂഹം, വിശാഖപട്ടണക്കാരായ കുറച്ചു പേർ, മരപണിക്കാർ, നിർമ്മാണ തൊഴിലാളികൾ എന്നിവർ അടങ്ങുന്ന
സാധാരണക്കാരായ ജനങ്ങൾ വലിയ ഒച്ചപാടുകളോ, സംഘടനങ്ങളോ ഇല്ലാതെ സഹവർത്തിത്വത്തോടെ
ഇവിടെ ജീവിച്ചു വന്നു. വലിയ മതിലുകളോ, കൂറ്റൻ ഗെയ്ററുകളോ ഇല്ലാത്ത അതിർത്തികൾ, ഇടവഴികൾ,
പാടവരമ്പുകൾ അങ്ങിനെ മണ്ണും, പ്രകൃതിയുമായി ഇഴുകി ജീവിക്കുന്ന ആളുകൾ. പൊതുവഴികൾ ഒഴിവാക്കി
വീടുകളുടെ മുറ്റങ്ങളിലൂടെയും, തൊടിയിലൂടേയും ഉള്ള എളുപ്പവഴികൾ ആരും തടയാറില്ല, ആർക്കും
എതിർപ്പുകളുമില്ല. പഞ്ചാരയും, കാപ്പി പൊടിയും, കറികളും പകർച്ചവാങ്ങിയും, ഓരോ വീട്ടിലും
ഉണ്ടാകുന്ന പച്ചക്കറികളും, പഴങ്ങളും, പാത്രങ്ങളും
പങ്കുവെച്ചും, എന്തിനും ഏതിനും പരസ്പരം ഓടിയെത്തുന്ന അയൽക്കാരും, നാട്ടുകാരും.............
ഞങ്ങൾ കുട്ടിപട്ടാളം;
താഴത്തേലെ മോഹനേട്ടൻ, ആശേച്ചി, അനിയേട്ടൻ,
രജനി, രാധ, തെക്കേലെ പ്രമോദേട്ടൻ, പാപ്പേച്ചീ, ബിന്ദുവേച്ചി, വീട്ടിലെ മഞ്ജുവേച്ചീ
ഉച്ചേച്ചീ, മോനു, മോളു, കിഴക്കേതിലെ ദാസേട്ടൻ, കൊച്ചേട്ടൻ, മേലേലെ ഞാനും, ഭാഗിയും, പിന്നെ ഹർഷ, സീത്തു, ഹരീഷ്, സൂരജ് തുടങ്ങിയ അന്നത്തെ മൈനേർസ് പിള്ളേരും, എല്ലാ കുട്ടികളികൾക്കും ഒപ്പമുണ്ടായിരുന്ന
ഷൈലേച്ചിയും കൂടിയാൽ ഈ അഞ്ച് ചങ്കരത്തേയും കുട്ടി പട്ടാളമായി. ഈ വീടുകളുടെ ഉള്ളിലൂടേയും,
മുറ്റങ്ങളിലൂടേയും, തൊടികളിലൂടെയും കളിച്ചും, ചിരിച്ചും, വഴക്കിട്ടും, പിണങ്ങിയും തകർത്തുല്ലസ്സിച്ചും
കൊണ്ട് ഞങ്ങൾ ഈ വാനരപ്പട. ഇതിനും പുറമേ തോപ്പിലെ മനോജേട്ടൻ, കുമാരി ചേച്ചീ, ആലിക്കലെ
ശിവേട്ടൻ, സുധ, സുനി, രാജേഷ്, ഉണ്ണിമോൻ, മണിമാമടെ മക്കളായ പ്രസാദ്, സുന്ദരി, പ്രകാശ്,
കപ്പാരത്തെ കൈലാസ്, പുത്തൻ വീട്ടിലെ രുഗ്മണി, ലക്ഷ്മി, മഠത്തിലെ കുട്ടികൾ തുടങ്ങി മറ്റ്
കുടുംബ വീടുകളിലെ കുട്ടികൾ കൂടിയാകുമ്പോൾ അക്ഷൗഹണിയും, കളികളും മുറുകിവരും. അമ്മമ്മ
മാരുടേയും, കാരണവർസിന്റെയും, മറ്റുള്ളവരുടേയും ഒക്കെ മോശമല്ലാത്ത ചീത്ത വിളികളൊന്നും
ഞങ്ങളെയോ ഞങ്ങളുടെ കളികളേയോ ഒരിക്കലും ബാധിച്ചിരുന്നില്ല. പലപ്പോഴും അമ്മമാരുടെ ചൂരൽ
പ്രയോഗത്തി ലൂടെയായിരിക്കും പല കളികൾക്കും, യുദ്ധങ്ങൾക്കും അവസാനമാകുന്നത്.
ഞങ്ങളുടെ ഗ്രൂപ്പിലേക്ക് വിരുന്നെത്തുന്ന
ചില കൂട്ടർ കൂടിയുണ്ട് - അപ്പുണ്ണി മാമടെ മക്കളായ ശോഭേച്ചിയും, പ്രമോദേട്ടനും, വേശമേമ്മടെ
മക്കളായ രമേഷേട്ടൻ, സുരേട്ടൻ, രതീഷ്, വരോട്ടൂർ
ശ്യാമളേച്ചീ, വിനേട്ടൻ, പ്രതീഷ്, പ്രിയ പിന്നെ രണ്ട് ഹിന്ദിക്കാരും - വെക്കേഷനിൽ ബോംബെയിൽ
നിന്ന് ഉണ്ണിമാമടെ മക്കൾ പ്രകാശും, പ്രീതിയും........
ഇൻഡോറും, ഔട്ട്ഡോറും, സാഹസികവും,
അതിസാഹസികവും ഒക്കെയായ പല പല കളികളും, സംഭവങ്ങളും ഒക്കെ യായി ഞങ്ങളുടെ ദിവസങ്ങളും തുടർന്നു
പോന്നു.........
*തുടരും*



